മാർകേസ് എഴുതുമ്പോൾ, മാർകേസിനെ കുറിച്ച് എഴുതുമ്പോൾ

Pachakuthira

മാർകേസ് എഴുതുമ്പോൾ, മാർകേസിനെ കുറിച്ച് എഴുതുമ്പോൾ


നാല്പത്തിരണ്ടു വർഷം മുമ്പ്, ഗബ്രിയേൽ ഗാർസിയ മാർകേസിനു നൊബേൽ സമ്മാനം കിട്ടിയ അതേ വർഷം, വൺ ഹണ്ട്രഡ് ഇയേർസ് ഓഫ് സോളിറ്റ്യൂഡ് (ഏകാന്തതയുടെ നൂറുവർഷങ്ങൾ) ഒരു നിഘണ്ടുവിന്റെ സഹായത്തോടെ താണ്ടുമ്പോൾ, എന്നെങ്കിലും ഒരുനാൾ ആ വിഖ്യാത എഴുത്തുകാരന്റെ വിവർത്തകനാവുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. മാർകേസിന്റെ മൂത്തമകൻ റോദ്രീഗോ ഗാർസിയ എഴുതിയ സ്മരണാപുസ്തകം, ഗാബോയ്ക്കും മെർസെഡെസിനും ഒരു യാത്രാമൊഴി, ഒന്നരവർഷം മുമ്പു വിവർത്തനം ചെയ്തപ്പോഴും മാർകേസിന്റെ നോവൽ വിവർത്തനം ചെയ്യാനാവുമെന്നു വിചാരിച്ചതല്ല, മരിച്ചുപോയവർ ഏതായാലും ഭൂമിയിലെ ഭാഷയിൽ നോവലെഴുതില്ലല്ലോ! 'കുലപതിയുടെ ശരത്കാലം' ഒഴികെയുള്ള അദ്ദേഹത്തിന്റെ എല്ലാ നോവലുകളും മലയാളത്തിൽ വന്നുകഴിഞ്ഞു, കുലപതിയാണെങ്കിൽ കൂട്ടിയാൽ കൂടില്ല; പറച്ചെണ്ട മൊഴിമാറ്റാനുള്ള കഴിവുവേണം! മാർകേസിന്റെ പ്രസംഗങ്ങളും അഭിമുഖങ്ങളും മാർകേസിനെക്കുറിച്ചുള്ള ചില രചനകളും വിവർത്തനം ചെയ്തിരുന്നുവെങ്കിലും, അവ സമാഹരിച്ച് എന്റെ മാർകേസ് ജീവിതം എന്നൊരു ഒരു പുസ്തകം (ക്വീവൈവ് ടെക്സ്റ്റ്, മാവേലിക്കര, 2023) പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും, എനിക്കു വിവർത്തനം ചെയ്യാനായി ഇങ്ങനെയൊരു നോവൽ “സംഭവിക്കുമെന്ന്'' ഊഹിക്കുക വയ്യല്ലോ. മാർകേസിന്റെ രചനാപ്രപഞ്ചത്തിലേതുപോലെ, ഇതൊരു മഞ്ഞുകട്ടയിൽ തൊട്ടതുപോലുള്ള അനുഭവമായിരുന്നു, “അതു തിളക്കുന്നു!''

മാർകേസിന്റെ 'ഐതിഹാസിക' വിവർത്തകൻ “ഇംഗ്ലിഷിൽ സ്പാനിഷ് സാഹിത്യം എഴുതിയ'' ഗ്രഗറി റബാസയാണെങ്കിലും, 'കോളറക്കാലത്തെ പ്രണയം' ഉൾപ്പെടെ ഏഴു രചനകൾ വിവർത്തനം ചെയ്ത ഈഡിത്ത് ഗ്രോസ്സ്മാൻ (“നിങ്ങളാണെന്റെ ഇംഗ്ലിഷ് ശബ്ദം''-മാർകേസ്) ആണ് റബാസയെക്കാൾ പേരും പെരുമയും നേടിയത്. മാർകേസിനെ വിവർത്തനം ചെയ്യുന്നതിനെക്കുറിച്ചു പറയുമ്പോൾ ഈഡിത്ത് ഗ്രോസ്സ്മാൻ വാക്കുകളിലൂടെയുള്ള വിനിമയത്തെക്കുറിച്ചല്ല പറയുന്നതെന്നതു കൗതുകകരമാണ്. വിഖ്യാതനായ വിവർത്തകൻ റാൽഫ് മാൻഹൈമിനെ കൂട്ടുപിടിച്ച്, വിവർത്തകർ നടന്മാരാണെന്നാണ് അവർ പറയുന്നത്, എഴുത്തുകാരന് ഇംഗ്ലിഷ് സംസാരിക്കാനറിയുമെങ്കിൽ ആ ഭാഷയിൽ വരികൾ സംസാരിക്കുന്ന ഒരു നടൻ. ഇംഗ്ലിഷിൽനിന്നു മലയാളത്തിലേക്കു നേരിട്ടുവരുന്ന രചനകളുടെ കാര്യത്തിൽ ഇതു ശരിയാകാമെങ്കിലും സ്പാനിഷിൽനിന്ന് ഇംഗ്ലിഷ് ചുറ്റിവരുന്ന വിവർത്തനമാകുമ്പോൾ കാര്യങ്ങൾ കുറെക്കൂടി സങ്കീർണ്ണമാകുന്നു. സ്പാനിഷിൽനിന്നു നേരിട്ടു വരാത്തിടത്തോളം കാലം ഇത്തരം വിവർത്തനങ്ങൾക്ക് അതിന്റേതായ സ്വാഭാവിക പരിമിതിയുമുണ്ടാകും.

നമ്മുടെ മാന്ത്രികന്റെ അവസാന നോവൽ, 2004-ൽ പുറത്തുവന്ന 'എന്റെ വിഷാദവേശ്യകളുടെ സ്മരണകൾ' ആണെങ്കിലും, 1999-ൽതന്നെ മാർകേസ് പുതുതായി ഒരു നോവലെഴുതുന്നു എന്ന 'സ്‌ഫോടകാത്മകമായ' വാർത്ത മിടുക്കിയായ ഒരു പത്രപ്രവർത്തക ലോകത്തെ അറിയിച്ചിരുന്നു. അഞ്ചു സ്വതന്ത്രകഥകളായി ആദ്യം വിഭാവനം ചെയ്യപ്പെട്ട പുസ്തകത്തിന്റെ ആദ്യത്തെ കഥ, അഥവാ ആദ്യഭാഗം 'ആഗസ്തിലെ സമാഗമം' എന്ന പേരിൽ ഈഡിത്ത് ഗ്രോസ്സ്മാൻ വിവർത്തനം ചെയ്ത്, ദ് ന്യൂയോർക്കറിൽ (1999 ഡിസംബർ 6) പ്രസിദ്ധീകരിച്ചു.


Related Articles