എം.എൻ. വിജയൻ മാഷുടെ പ്രഭാഷണങ്ങളിൽ ആരുടെയെങ്കിലും പേര് ഏറ്റവുമേറെ മുഴങ്ങിക്കേട്ടിട്ടുണ്ടെങ്കിൽ; വൈലോപ്പിള്ളി ശ്രീധരമേനോൻ കഴിഞ്ഞാൽ (വൈലോപ്പിള്ളിക്കു വേണ്ടിയും) അതു സിഗ്മുണ്ട് ഫ്രോയ്ഡിന്റേതാണ്. പ്രഭാഷണങ്ങളിൽ മാഷ് പലപ്പോഴും "ഞങ്ങൾ'' എന്നു പറയാറുണ്ടായിരുന്നു. ഈ "ഞങ്ങൾ'' മനശ്ശാസ്ത്രജ്ഞർ ആണെന്ന് ഊഹിച്ചിരുന്നുവെങ്കിലും ഈയിടെ കൃത്യമായ ഉത്തരം കിട്ടി. നിരൂപകനായ ഇ.പി.രാജഗോപാലൻ സമീപകാലത്തെഴുതിയ ഒരു കുറിപ്പിൽ, വിജയൻമാഷോട്, "ആരാണു മാഷേ, ഈ ഞങ്ങൾ?'' എന്നു ചോദിച്ചപ്പോൾ, "ലോകമെങ്ങുമുള്ള ഫ്രോയ്ഡിന്റെ ശിഷ്യന്മാർ,'' എന്ന് ഒറ്റവാക്യത്തിൽ മറുപടി കിട്ടിയതായി എഴുതിക്കണ്ടു.
അപൂർവ്വമായി മാത്രം കേട്ട മറ്റൊരു പേര് (റൊളോങ്) ബാർത്ത് ആയിരുന്നു. ഞാൻ കേട്ട ഒന്നുരണ്ടു പ്രഭാഷണങ്ങളിൽ, ചിഹ്നങ്ങളെക്കുറിച്ചു പറഞ്ഞപ്പോഴാണ് (പപ്പടം, പഞ്ഞിമിഠായി, ബലൂൺ തുടങ്ങിയവ!) ആ പേരു തിരനോക്കിയത്. "അവൻ ഏഴു പപ്പടം പൊടിച്ച വീരനാണ്,'' അപ്പോൾ പപ്പടത്തിന്റെ ചിഹ്നമൂല്യം എന്താണ്, വീരന്റെ ചിഹ്നമൂല്യം എന്താണ്? ആ മട്ടിൽ പല അന്വേഷണങ്ങളും നടത്തിയ ആ മഹാനിരീക്ഷകനെ കൂടെക്കൂട്ടിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളൂ!
