വീശി വീശി നിശ്ചലമായ ഒരു കൈ

Pachakuthira

വീശി വീശി നിശ്ചലമായ ഒരു കൈ


ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാനപ്രസ്ഥാനം ശക്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് എന്റെ ബാല്യം ആരംഭിക്കുന്നത്. സവർണ്ണമേധാവിത്തവും ജാതിമേധാവിത്തവും അയിത്തവും മറുവശത്ത് ശക്തിപ്പെട്ടുനില്ക്കുന്നു. ഹരിജനങ്ങളെ ആട്ടിപ്പായിക്കുന്ന രീതി. പിന്നോക്കക്കാരന് പൊതുവഴിയിലൂടെ നടന്നുപോവാൻ സ്വാതന്ത്ര്യമില്ലാതിരുന്ന സ്ഥിതി. ഇന്ത്യ ഭരിക്കുന്നത് ബ്രിട്ടീഷുകാർ. ഇതിന്റെ കൂടെ പട്ടിണിയും രോഗവും.

നാട്ടിലാകെ വസൂരി ബാധിച്ച് വൻതോതിലുള്ള മരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പകർച്ചവ്യാധിയാണ്. രോഗിയെ വേറേതന്നെ ഒറ്റയ്ക്കു താമസിപ്പിക്കും. ശുശ്രൂഷിക്കാൻ ആരെയെങ്കിലും കൂടെ നിർത്തും. വസൂരി എന്നു പറഞ്ഞാൽ മരണം എന്നാണ് അന്നത്തെ അർത്ഥം. നാടൻവൈദ്യന്മാർ കൊടുക്കുന്ന മരുന്നുകൊണ്ട് ചികിത്സിച്ചുനോക്കും. രക്ഷപ്പെട്ടാൽ അതൊരു വലിയ അത്ഭുതമായി കരുതാം; അത്രതന്നെ. വസൂരിമരണങ്ങൾ അന്നത്തെ സ്ഥിരം വാർത്തയാണ്. സർക്കാരിന്റെ ചികിത്സയൊന്നും കിട്ടുന്ന കാലമല്ല അത്. അന്നു കിട്ടാവുന്ന മികച്ച പരിചരണം ജന്മിമാർക്കും സമ്പന്നർക്കുംതന്നെ കിട്ടിക്കൊണ്ടുമിരുന്നു. രോഗം പക്ഷേ, എല്ലാവരെയും ഒരുപോലെ ബാധിച്ചു. മരണം ജാതിയും മതവുമൊന്നും പരിഗണിക്കാതെ ഒട്ടേറെപ്പേരെ കൊണ്ടുപോയി.

എന്റെ അമ്മയ്ക്കും വന്നു ഈ രോഗം. അപ്പോൾ ഞങ്ങളും വീട്ടിൽനിന്നു മാറിത്താമസിക്കാൻ നിർബന്ധിതരായി. അച്ഛനോടൊപ്പം ഞാനും മൂത്തസഹോദരനും ഇളയസഹോദരിയും അച്ഛന്റെ സഹോദരിയുടെ, അതായത് അപ്പച്ചിയുടെ വീട്ടിലേക്കു താമസം മാറ്റി. രോഗത്തിന്റെ ഗൗരവമൊന്നും എനിക്കോ സഹോദരനോ സഹോദരിക്കോ ബോദ്ധ്യപ്പെട്ടിരുന്നില്ല. എനിക്ക് നാലു വയസ്സുണ്ട്. അവൾക്ക് ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ടാവും.


Related Articles