ആഗസ്തിൽ കാണാം

Novel

ആഗസ്തിൽ കാണാം


ഗസ്ത് 16 വെള്ളിയാഴ്ചയാണ് മൂന്നു മണിക്കുള്ള കടത്തുബോട്ടിൽ അവൾ ദ്വീപിൽ തിരിച്ചെത്തിയത്. ജീൻസും കള്ളിഷർട്ടും സോക്‌സ് ഇടാത്ത പരന്ന പാദുകവും ധരിച്ച അവളുടെ പക്കൽ പട്ടുതുണിയിലുള്ള ശീലക്കുടയും കൈസഞ്ചിയും കൂടാതെ ഒരു തോൾസഞ്ചി മാത്രമാണ് ഉണ്ടായിരുന്നത്. കപ്പൽത്തുറയിൽ നിരനിൽക്കുന്ന ടാക്‌സികളിൽ, കടൽക്കാറ്റേറ്റു തുരുമ്പിച്ച ഒരു പഴഞ്ചൻ മോഡലിനു നേരേ അവൾ നടന്നു. ഡ്രൈവർ അവളെ ഹൃദ്യമായി വരവേറ്റു; മൺചുമരുകളുള്ള കുടിലുകളും പനമ്പട്ട മേഞ്ഞ മേൽക്കൂരകളും തപിക്കുന്ന കടലിന്നരികെ പൊള്ളുന്ന പൂഴിമണൽ നിറഞ്ഞ തെരുവുകളുമുള്ള ദാരിദ്ര്യം പിടിച്ച ഗ്രാമത്തിലൂടെ വണ്ടി തുള്ളിക്കുലുങ്ങി അവളെ കൊണ്ടുപോയി. കൂസലില്ലാത്ത പന്നികൾക്കും കാളപ്പോരുകാരായി നടിക്കുന്ന ഉടുതുണിയില്ലാത്ത കുട്ടികൾക്കുമിടയിലൂടെ വളഞ്ഞുപുളഞ്ഞ് അയാൾ വണ്ടിയോടിച്ചു. നീലക്കൊക്കുകളുടെ വിഹാരകേന്ദ്രമായ തുറന്ന കടലിനും കായലിനുമിടയിൽ, കടൽത്തീരവും വിനോദസഞ്ചാരികൾക്കുള്ള ഹോട്ടലുകളുമുള്ള അലങ്കാരപ്പനകൾ നിരയിട്ട തെരുവീഥിയിൽ, ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ അയാൾ വണ്ടിയോടിച്ചു. ഒടുവിൽ പഴക്കംചെന്ന, ഏറ്റവും ജീർണ്ണിച്ച, ഒരു ഹോട്ടലിനു പുറത്തു നിർത്തി.

ഹോട്ടലിലെ ഭൃത്യൻ ഒപ്പിടാനുള്ള രജിസ്‌ട്രേഷൻ കാർഡും കായലിനെ അഭിമുഖീകരിക്കുന്ന രണ്ടാം നിലയിലെ ഒരേയൊരു മുറിയുടെ താക്കോലുകളുമായി അവളെ കാത്തിരിപ്പുണ്ടായിരുന്നു. നാലേ നാലു ചുവടുകളോടെ അവൾ കോണിപ്പടി കയറി. അപ്പോൾമാത്രം പുകച്ച കീടനാശിനിയുടെ രൂക്ഷഗന്ധം തങ്ങിനിൽക്കുന്ന മുഷിഞ്ഞ മുറിയിലേക്കു പ്രവേശിച്ചു, വലിയൊരു ഇരട്ടക്കിടക്ക ആ മുറിയുടെ ഏതാണ്ടു ഭൂരിഭാഗവും അപഹരിച്ചിരുന്നു. ആട്ടിൻതോലുകൊണ്ടുള്ള, അണിഞ്ഞൊരുങ്ങാനുള്ള ചെറുപെട്ടി സഞ്ചിയിൽനിന്നെടുത്ത് കിടക്കയ്ക്കരികിലുള്ള ചെറുമേശമേൽ വച്ചു, വായിച്ചുനിർത്തിയ ഇടത്ത് പകുത്തുവച്ച, ആനക്കൊമ്പിൽ തീർത്ത പേനാക്കത്തിയുള്ള, അരികുമുറിക്കാത്ത പേജുകളുള്ള ഒരു പുസ്തകവും എടുത്തു. ഇളംചുവപ്പുനിറത്തിലുള്ള നിശാവസ്ത്രം എടുത്ത് തലയണയ്ക്കടിയിൽ തിരുകി. ഉഷ്ണമേഖലാപ്രദേശത്തു കാണാറുള്ള പക്ഷികളുടെ ചിത്രങ്ങളുള്ള ഒരു പട്ടുതൂവാലയും കൈയിറക്കം കുറഞ്ഞ വെള്ള ഷർട്ടും ഒരു ജോടി പഴകിയ ടെന്നിസ് ചെരുപ്പുംകൂടി എടുത്ത് കുളിമുറിയിലേക്കു കൊണ്ടുപോയി.

അഞ്ഞിഞ്ഞൊരുങ്ങുന്നതിനു മുമ്പ് വിവാഹമോതിരവും വലത്തേ കൈത്തണ്ടയിൽ കെട്ടിയ ആണുങ്ങളുടെ വാച്ചും ഊരി സിങ്കിനു മുകളിലുള്ള അലമാരയിൽ വച്ചു, യാത്രയിലെ പൊടി കളയാനും ഉച്ചമയക്കത്തിന്റെ നേരത്തെ ആലസ്യമകറ്റാനും അവൾ പെട്ടെന്നു മുഖം കഴുകി. മുഖം തുടച്ചതിനുശേഷം അവൾ കണ്ണാടിയിൽ നോക്കി മുലകളെ വിലയിരുത്തി. രണ്ടു ഗർഭധാരണത്തിനു ശേഷവും വട്ടമൊത്ത് എഴുന്നുനിൽക്കുന്ന മുലകൾ. ചെറുപ്പമായിരുന്നപ്പോൾ താൻ എങ്ങനെയായിരുന്നുവെന്നറിയാൻ ഉള്ളംകൈയുടെ കീഴ്പ്പടംകൊണ്ട് കവിളുകൾ വിടർത്തി. അവൾക്ക് ഒന്നുംതന്നെ ചെയ്യാനാവാതിരുന്നതിനാൽ കഴുത്തിലെ ചുളിവുകളെ അപ്പാടെ അവഗണിച്ചു. ബോട്ടിൽ ഉച്ചഭക്ഷണത്തിനുശേഷം വൃത്തിയാക്കിയ നിരയൊത്ത പല്ലുകൾ നോക്കി. നന്നായി വടിച്ചു മിനുസപ്പെടുത്തിയ കക്ഷത്തിൽ ഡിയൊഡറെന്റ് ഉരുട്ടിയശേഷം കീശയിൽ എ.എം.ബി. എന്നീ അക്ഷരങ്ങൾ തുന്നിപ്പിടിപ്പിച്ച പുത്തൻ പരുത്തിവസ്ത്രം ധരിച്ചു. ചുമലിലേക്കു വീണുകിടക്കുന്ന നീണ്ട കറുത്തമുടി കോതി, പക്ഷിച്ചിത്രമുള്ള പട്ടുതൂവാല കൊണ്ടു കുതിരവാൽപോലെ കെട്ടിവച്ചു. ചമയം പൂർത്തിയാക്കാനായി ചുണ്ടിൽ ഒരിത്തിരി വാസെലിൻ പുരട്ടി, നാവിൽ വിരൽ വച്ചു നനച്ച് പുരികങ്ങൾ മൃദുവാക്കി, ചെവികൾക്കു പിൻവശത്ത് ഒരു തുള്ളി മദേരാസ് ദെ ഒഡിയെന്തെയും പുരട്ടി, ഒടുവിൽ, കണ്ണാടിയിൽ തന്റെ നല്ലകാലം കഴിഞ്ഞ, മാതൃഭാവമുള്ള മുഖത്തിനു മുഖാമുഖം നിന്നു. സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കാത്ത അവളുടെ ചർമ്മത്തിനു ശർക്കരപ്പാവിന്റെ നിറവും ഇഴച്ചേർച്ചയുമായിരുന്നു, ഇരുണ്ട പോർച്ചുഗീസ് കണ്ണിമകളുള്ള അവളുടെ പുഷ്യരാഗക്കണ്ണുകൾ മനോഹരമായിരുന്നു. അവൾ തന്നെത്തന്നെ ദയാലേശമെന്യേ സസൂക്ഷ്മം നിരീക്ഷിച്ചു, തനിക്ക് ഉള്ളിൽതോന്നിയതുപോലെതന്നെ, ഏതാണ്ടു നന്നായിരിക്കുന്നതായി സ്വയം തീർച്ചപ്പെടുത്തി. മോതിരവും വാച്ചും അണിഞ്ഞപ്പോഴാണ് താൻ വളരെ വൈകിപ്പോയി എന്നവൾ ശ്രദ്ധിച്ചത്: നാലുമണിയാകാൻ ആറു മിനുട്ട്, എന്നിരുന്നാലും, കടലിന്റെ ചുട്ടുപൊള്ളുന്ന ആലസ്യത്തിനു മീതേ നിശ്ചലമായെന്നോണം തെന്നിനീങ്ങുന്ന കൊക്കുകളെ നിരീക്ഷിക്കാനായി അവൾ ഒരു മാത്രയുടെ ഗൃഹാതുരത സ്വയം അനുവദിച്ചു.


Related Articles