കെ. ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ കലാച്ചിയില്‍ നിന്ന് ഒരു ഭാഗം

Novel

കെ. ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ കലാച്ചിയില്‍ നിന്ന് ഒരു ഭാഗം


ഭീകരപ്രവർത്തനക്കേസിൽ പതിനഞ്ചു കൊല്ലം ജയിലിൽ കിടന്ന ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ എന്തുതോന്നി എന്ന ചോദ്യ​ത്തിന്, ‘ഉരശിമ തരോയെപ്പോലെ’ എന്നായിരുന്നു ഇജാസ് അലി​യുടെ ഉത്തരം.

‘ഉരശിമ തരോ’യെക്കുറിച്ച് അതിനുമുമ്പു ഞാൻ കേട്ടിരു​ന്നില്ല. ജാപ്പനീസ് യക്ഷിക്കഥപ്രകാരം, മൂന്നു ദിവസത്തേക്കു കടലിൽപോയ മീൻപിടിത്തക്കാരൻ ആയിരുന്നു ഉരശിമ തരോ. മടങ്ങിയെത്തിയപ്പോൾ അയാൾക്കു തിരിച്ചറിയാൻ കഴിയാത്തവിധം നാടും നാട്ടുകാരും മാറിപ്പോയി. സ്വന്തം നാട്ടിൽ അന്യനും അപരി​ചിതനുമായിത്തീർന്ന അയാൾ, ‘ഉരശിമ തരോയെ അറിയുന്നവരാ​രെങ്കിലും ഉണ്ടോ’ എന്നു നിലവിളിച്ചു കടൽത്തീരത്ത് അലഞ്ഞു.

കസഖ്സ്ഥാൻ യാത്ര തീരുമാനിച്ചതോടെ ആ കഥ എന്നെ അലട്ടി. അത്തരം ഒരവസ്ഥ എന്റെ ജീവിതത്തിലും ഉണ്ടാകുമെന്നു ഞാൻ ഭയന്നു. ഡൽഹിയിലെ മൂടൽമഞ്ഞിനൊപ്പം അകാരണമായൊരു ആസന്നദുർവിധിയും ചൂഴ്ന്നുനിൽക്കുന്നതു ഞാൻ അനുഭവിച്ചു. മറ്റു പല രാജ്യങ്ങളിലും മഹാമാരി വ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയിലും കസഖ്സ്ഥാനിലും സ്ഥിതി ശാന്തമായിരുന്നു. എന്നിട്ടും ട്രാവൽ ഏജന്റ് ഗോകുൽനാഥ് എന്നെ കഴിയുന്നത്ര നിരുത്സാഹപ്പെടുത്തി.


Related Articles