സ്വപ്നവ്യാഖ്യാതാക്കളെ തേടിനടന്ന ഗാനിമ

Novel

സ്വപ്നവ്യാഖ്യാതാക്കളെ തേടിനടന്ന ഗാനിമ


എന്റെ അമ്മ ഇവിടെ ജോലിക്ക് വന്നത് ഈ രാജ്യത്തെ സംസ്‌കാരത്തെക്കുറിച്ച് ഒന്നുമറിയാതെയാണ്. അമ്മയുടെ നാട്ടിലുള്ള മനുഷ്യരെപ്പോലെയായിരുന്നില്ല ഇവിടെയുള്ളവർ. മുഖങ്ങൾ, സ്വഭാവങ്ങൾ, ഭാഷ എന്തിന് നോട്ടത്തിനുപോലുമുള്ള അർഥങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. അമ്മക്ക് അതൊന്നും മനസ്സിലാക്കാൻ പറ്റിയിരുന്നില്ല. പ്രകൃതിക്ക് അമ്മയുടെ നാടുമായി ഒരു സാമ്യവുമുണ്ടായിരുന്നില്ല. സൂര്യൻ ഉദിച്ചസ്തമിക്കുന്നതും രാത്രിയിൽ ചന്ദ്രൻ ഉദിക്കുന്നതും, ഇത് രണ്ടുമേ അമ്മയുടെ നാട്ടിലും ഇവിടേയും ഒരേപോലെ സംഭവിച്ചിരുന്നുള്ളൂ. സൂര്യനെക്കുറിച്ച് അമ്മ ഇങ്ങനെ പറഞ്ഞിരുന്നു- ആദ്യനാളുകളിൽ സൂര്യനെ കാണുമ്പോൾ ഇത് എനിക്ക് പരിചിതമായ സൂര്യൻതന്നെയോ എന്ന് ഞാൻ സംശയിച്ചിരുന്നു-.

അമ്മ വലിയൊരു വീട്ടിലെ ജോലിക്കാരിയായിരുന്നു. 55 വയസ്സുള്ള ഒരു വിധവയും മകനും മൂന്ന് പെൺമക്കളുമാണ് ആ വീട്ടിലുണ്ടായിരുന്നത്. ഈ വിധവ പിന്നീട് എന്റെ മുത്തശ്ശിയായി മാറിയ ഗാനിമയായിരുന്നു. അമ്മ അവരെ വയസ്സത്തി എന്നാണ് വിളിച്ചിരുന്നത്. അമ്മയെ എപ്പോഴും ചീത്ത പറയുകയും ശപിക്കുകയും ചെയ്യുന്നതിലാണ് ഗാനിമ ഹരം കണ്ടെത്തിയിരുന്നത്.

ഉരുക്ക് വനിതയെന്ന് തോന്നിപ്പിച്ചിരുന്നുവെങ്കിലും ഗാനിമ അന്ധവിശ്വാസിയായിരുന്നു. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ അവർ വിശ്വസിച്ചു കളയും. എല്ലാ സ്വപ്നങ്ങളിലും തനിക്കുള്ള ചില സന്ദേശങ്ങൾ വന്നു കൊണ്ടിരിക്കുന്നതായി അവർ വിശ്വസിച്ചു. സ്വപ്നങ്ങളെ വ്യാഖ്യാനിക്കാൻ വേണ്ടിയാണ് അവർ ജീവിതത്തിലെ ഏറിയ പങ്കും ചെലവഴിച്ചത്. സ്വപ്നം സ്വന്തമായി വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ സ്വപ്നവ്യാഖ്യാതക്കളെ സമീപിക്കും. സ്വപ്നവ്യാഖ്യാതക്കളുടെ വിശദീകരണത്തിലെ വൈരുധ്യം തന്റെ ജീവിതത്തിന്റെ പൊരുത്തക്കേടുകളാണെന്നും അവർ വിശ്വസിച്ചിരുന്നു. സ്വപ്നവ്യാഖ്യാതക്കൾ പറയുന്ന ഓരോ വാക്കും അവർ വിശ്വസിച്ചു. ഒരേ സ്വപ്നത്തെക്കുറിച്ച് വ്യാഖ്യാനിക്കുന്നതിലെ വൈരുധ്യങ്ങളെ അവർ അവഗണിച്ചു. സ്വപ്നത്തിൽ കണ്ടത് ജീവിതത്തിൽ സംഭവിക്കാൻ അങ്ങേയറ്റം ആകാംക്ഷയോടെ ഗാനിമ കാത്തിരുന്നു. വളരെച്ചെറിയ ഒരു സംഭവംപോലും സ്വപ്നത്തിൽനിന്നും തന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചതാണെന്ന് അവർ വിശ്വസിച്ചു.


Related Articles