കൊട്ടാരം വിട്ടിറങ്ങിയ നല്ല ഇടയൻ

News

കൊട്ടാരം വിട്ടിറങ്ങിയ നല്ല ഇടയൻ


ഴിഞ്ഞ വർഷം വത്തിക്കാൻ സിറ്റി ചുറ്റി നടന്നു കാണുമ്പോൾ കൂടെയുണ്ടായിരുന്ന പുരോഹിതൻ പറഞ്ഞു, ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു ഭാഗ്യമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. നമ്മൾ ഇപ്പോൾ നടന്നിറങ്ങുന്ന Royal Staircase (Scala Regia) പോപ്പുമാർക്കും അവരുടെ വിശിഷ്ടാതിഥികൾക്കും മാത്രം നടക്കാൻ അനുമതി ഉണ്ടായിരുന്ന പടിക്കെട്ടുകൾ ആയിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പ ഔദ്യോഗിക വസതിയായ അപ്പോസ്ത്തോലിക് പാലസ് ഉപേക്ഷിച്ച് ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയത് കൊണ്ടാണ് ഇപ്പോൾ ഇത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്, അതും ചരിത്രത്തിൽ ആദ്യമായി. ഇനി ഒരുപക്ഷേ അടുത്ത മാർപാപ്പ വരുമ്പോൾ അദ്ദേഹത്തിന്റെ താമസം വീണ്ടും പാലസിൽ ആയാൽ ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. ചിലപ്പോൾ അനന്തകാലത്തേക്ക്.

പിന്നെ ഞങ്ങൾ പോപ്പിന്റെ താത്ക്കാലിക വസതിയും ചാപ്പലും കാണാനായി പോയി. കർദ്ദിനാളുമാർ റോമിൽ എത്തുമ്പോൾ താമസിക്കുന്ന ഗസ്റ്റുഹൗസാണത്. വത്തിക്കാനിലെ സ്ഥിരതാമസക്കാരായ കർദിനാളുമാർക്കും പുരോഹിതർക്കും ഒപ്പമാണ് മാർപാപ്പയും താമസിക്കുന്നത്. ഒരു ആഡംബരങ്ങളുമില്ലാത്ത ഒരു സാധാരണ വസതി. ഒരു സാധാരണ ചാപ്പൽ. അദ്ദേഹം സ്ഥിരമായി ആഹാരം കഴിക്കുന്ന മെസ് ഹാളിലേക്ക് പോയി. കൊത്തുപണികൾ ചെയ്‌ത തടിമേശയും കുഷ്യൻ ചെയറും ഞാൻ പ്രതീക്ഷിച്ചു. എന്നാൽ നമ്മുടെ ഹോസ്റ്റൽ മെസ് ഹാളിൽ കാണുന്ന തരം ഒരു സാധാരണ ഇരുമ്പു മേശയും കസേരയും. അതിൽ കൂടുതൽ ഒന്നുമില്ല. അദ്ദേഹത്തിന്റെ കിടപ്പുമുറിയിലേക്ക് പോകാൻ കഴിഞ്ഞില്ല. അത് ഇതിനേക്കാൾ ദരിദ്രം എന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന പുരോഹിതൻ പറഞ്ഞു.

മിക്ക ദിവസങ്ങളിലും ഞങ്ങൾ ഭക്ഷണത്തിനു ക്യൂ നിൽക്കുമ്പോഴാവും അദ്ദേഹവും ഭക്ഷണത്തിനെത്തുക, അദ്ദേഹം തുടർന്നു, ഞങ്ങൾ ഒഴിഞ്ഞു കൊടുത്താലും അദ്ദേഹം മുന്നിലേക്ക് കടന്നു നിൽക്കാൻ തയ്യാറാവില്ല, ഞങ്ങൾക്ക് പിന്നിൽ വന്നു നിൽക്കും എന്നിട്ട് ഇടയൻ ആടുകൾക്ക് പിന്നിലാണ് നടക്കേണ്ടത് എന്ന് തമാശ പറയും. അതായിരുന്നു ഫ്രാൻസിസ് മാർപാപ്പ. രണ്ടു സഹസ്രാബ്‌ദക്കാലത്തെ പലതരം പോപ്പുമാരുടെ ജീവിതവും ചരിത്രവും ആഡംബരവും അറിയാവുന്നവർക്ക് വിശ്വസിക്കാനാവില്ല കൊട്ടാരത്തിൽ നിന്നിറങ്ങി സാധാരണക്കാരനെപ്പോലെ ജീവിച്ച ഈ പോപ്പിന്റെ ജീവിതം.


Related Articles