എംടിയെ പോലെ, മുകുന്ദനെ പോലെ, മലയാളത്തിന്റെ സ്വന്തം എഴുത്തുകാരനാണ് ഗബ്രിയേൽ ഗർസിയ മാർകേസും. സ്പാനിഷ് ഭാഷയിൽ മാർകേസ് എഴുതിയ ഏകാന്തതയുടെ നൂറുവർഷങ്ങൾ മലയാളത്തില്‍ എത്തിയപ്പോൾ ദേശഭേദവും ഭാഷാഭേദവും ഇല്ലാതായി. അത് മലയാള വായനക്കാരുടെ പ്രിയ നോവലായി മാറി. സ്പാനിഷ് എഴുത്തുകാരൻ മാർകേസിനെ മലയാളത്തിന്റെ എഴുത്തുകാരനാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഡി സി ബുക്സിൻ്റെ മുൻ പബ്ലിക്കേഷൻ മാനേജരായിരുന്ന മുട്ടമ്പലം സത്യൻ.
1980 കളുടെ തുടക്കത്തിൽ ഗബ്രിയേൽ ഗാർസിയ മാർക്വേസിൻ്റെ ലിറ്റററിഏജൻ്റ് കാർമെൻ ബാസെലിൻ്റെ വിലാസം തപ്പിപ്പിടിച്ച് കത്തെഴുതുകയും മലയാളത്തിൽ പ്രസിദ്ധപ്പെടുത്താനുള്ള അവകാശം നേടിയെടുക്കുകയും ചെയ്തത് സത്യനാണ്. 1982-ൽ ഏകാന്തതയുടെ നൂറു വർഷങ്ങൾ നൊബേൽ സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മുട്ടമ്പലം സത്യൻ പബ്ലിക്കേഷൻ മാനേജരായിരിക്കുന്ന കാലത്താണ് ജനകീയശ്രദ്ധ ഏറെ പിടിച്ചുപറ്റിയ മഹച്ചരിതമാല, വിശ്വസാഹിത്യമാല പരമ്പരകൾ പ്രസിദ്ധീകരണമാരംഭിച്ചത്. ചുറുചുറുക്കും കാര്യപ്രാപ്തിയുമുള്ള സത്യൻ പുസ്തക പ്രസിദ്ധീകരണരംഗത്ത് ഡി സി കിഴക്കെമുറിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി നൂതനമായ പല ആവിഷ്കാരങ്ങൾക്കും തുടക്കമിട്ടു.
