വിഷു ഞങ്ങൾ കണ്ണൂർക്കാർക്ക് ഏറ്റവും വലിയ ആഘോഷമാണ്. ഓണത്തിനെക്കാളുമധികം കണ്ണൂർക്കാർ പ്രാധാന്യം കൊടുക്കുന്നത് വിഷുവിനാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലത്ത് വിഷുവിനായി കാത്തുകാത്തിരിക്കാറുള്ളത് കൈനീട്ടമായി ലഭിക്കുന്ന നാണയങ്ങൾക്ക് വേണ്ടിയായിരുന്നു. വിഷുവിന്റെ പിറ്റേദിവസം മുതൽ നാട്ടിൽ തെയ്യക്കാലമാണ്. ഐസ് വാങ്ങിക്കാൻ വേണ്ടിയാണ് കൈനീട്ടം കിട്ടിയത് മുഴുവൻ ചെലവഴിക്കാറുള്ളത്. എത്ര രൂപ വരെ കിട്ടുമെന്നും ആർക്കാണ് അധികം കിട്ടിയതെന്നുമൊക്കെയുള്ള മത്സരം ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഉണ്ടാവാറുണ്ടായിരുന്നു. കൂടുതൽ കൈനീട്ടം കിട്ടിയ ആൾ തെയ്യപ്പറമ്പിൽ വച്ച് കൂടുതൽ ഐസ് വാങ്ങിത്തരണം. അതാണ് ഞങ്ങൾ ഉണ്ടാക്കിയിട്ടുള്ള അലിഖിത നിയമം. നഷ്ടബാല്യനിമിഷങ്ങളിൽ ഇന്നേറ്റവുമധികം മിസ്സ് ചെയ്യുന്നതും ഈ പങ്കുവയ്ക്കൽ തന്നെയാണ്.
എന്റെ വീട്ടിൽ വിഷുവൊന്നും കാര്യമായിട്ട് ആഘോഷിക്കാറുണ്ടായിരുന്നില്ല. വിഷു എന്നല്ല യാതൊരു ആഘോഷവും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. എങ്കിലും കൂട്ടിവച്ച പൈസയിൽ കുറച്ചെടുത്ത് ഞങ്ങൾക്ക് വിഷുക്കോടി വാങ്ങിത്തരണമെന്നുള്ളത് അമ്മയുടെ നിർബന്ധമായിരുന്നു. വിഷുക്കോടിയും കാര്യപ്പം ചുടലും കണി കണ്ടതിനു ശേഷമുള്ള അയൽവീട്ടുകാരുടെ മത്സരിച്ചുള്ള പടക്കം പൊട്ടിക്കലും അയൽവീടുകളിൽ കണി കാണാൻ പോക്കും അവിടുന്നൊക്കെ കൈനീട്ടം വാങ്ങലുമൊക്കെയാണ് വിഷുവിന്റെ സ്ഥിരമായ ഓർമ്മകൾ. അതിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരേയൊരു വിഷുവേ ഉണ്ടായിരുന്നുള്ളൂ. പടക്കം നനയുന്നത് പോലെ ഞാൻ നനഞ്ഞു കുതിർന്ന ഒരു വിഷു.
ഏഴാം ക്ലാസ്സ് കഴിഞ്ഞുള്ള അവധിക്കാലത്തെ വിഷുവായിരുന്നു. തലേന്നും അതിന്റെ തലേന്നുമൊക്കെയായി തോരാതെ മഴ പെയ്ത ദിവസമായിരുന്നു. വിഷുദിവസങ്ങളിൽ അച്ചന്റെ കൂടെ ബന്ധുവീടുകളിലൊക്കെ പോകുന്ന പതിവുണ്ടായിരുന്നു. ഞങ്ങൾക്ക് താല്പര്യമില്ലെങ്കിലും അമ്മയ്ക്ക് അത് നിർബന്ധമായിരുന്നു. അന്നത്തെ വിഷുവിനും ആ പതിവ് തെറ്റിക്കണ്ട എന്നോർത്ത് രാവിലെ ഇറങ്ങിയതാണ്. ഓറഞ്ച് നിറത്തിലുള്ള പാവാടയും കറുപ്പ് ടോപ്പുമായിരുന്നു അന്നത്തെ വിഷുക്കോടി. പോകാനിറങ്ങി മുറ്റത്തെത്തിയപ്പോഴാണ് ആണിത്തോടുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ടെന്ന് കൂട്ടുകാരി വന്നു പറഞ്ഞത്.
