മറവിയെപ്പറ്റി സുഗതകുമാരി അനുതാപത്തോടെ എഴുതി. ഒരു താരകയെ എന്നു തുടങ്ങുന്ന ആ ഖണ്ഡത്തിൽ മറവിവാക്ക് മൂന്നു തവണയാണുള്ളത്. തനിക്ക് അത്രയേറെ ഓർമ്മയുണ്ട് എന്നാണതിന്റെ വ്യക്തിപരമായ അർത്ഥം. താൻ നന്മയും തിന്മയും, സുഖവും ദു:ഖവും, ഇരുളും വെളിച്ചവുമെല്ലാം ഓർക്കുന്നു. അങ്ങനെയാണ് താൻ കവിയാവുന്നത്. ഈ വെളിപ്പെടുത്തൽ കൂടി 'പാവം മാനവഹൃദയ'ത്തിൽ ഉണ്ട് .
ഈ ഓർമ്മയുടെ മണ്ഡലം കാലം ചെല്ലുന്തോറും വലുതായിക്കൊണ്ടേയിരുന്നു. ഇതാണ് സുഗതകുമാരിയുടെ കവിതയെ ലോകത്തിന്റെ ജീവനുള്ള പാഠമായി നിലനിർത്തിക്കൊണ്ടേ പോന്നത്. തീവ്രത എന്ന വാക്കിന്റെ തീവ്രത മുഴുവനും ആ കാവ്യാനുഭവത്തിൽ ഉണ്ട്. കവിത ഈ കവിയ്ക്ക് തന്നെയെഴുതൽ മാത്രമായിരുന്നു. അത്രമേൽ ലോക ബാധയേറ്റ പ്രജ്ഞയായിരുന്നു.
ഒരിക്കലും സുഗതകുമാരി ഉപചാരപരമായി എഴുതിയില്ല. ഭാഷ തനിക്ക് വെറും മാധ്യമമായിരുന്നില്ല. തീവ്രതയുടെ വാക്കുകളിൽ സ്വന്തം സാംസ്‌കാരികസ്വത്വമെഴുതുകയാണ് സുഗതകുമാരിയുടെ കാവ്യവഴി. ആത്മാർത്ഥത എന്നത് ഇവിടെ തീവ്രതയുടെ വിറകായിത്തീരുന്നു.
