ഒളിച്ചോടി വേറെ ഏതെങ്കിലും നാട്ടിൽപ്പോയി കുറേ കാശുണ്ടാക്കി തിരിച്ചുവന്ന് അതിൻ്റെ പവറ് കാണിച്ച് സ്വന്തം നാട്ടിലൂടെ നടക്കുക. ഇതായിരുന്നു ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ എൻ്റെ സ്വപ്നം.
കുന്നോത്ത് സെൻ്റ് ജോസഫ്സ് സ്കൂളിൽ വൈകുന്നേരം അവസാനത്തെ ബെല്ലടിക്കുമ്പോൾ ഞങ്ങൾ ബസ്സിൻ്റെ ക്യൂ പിടിക്കാനായി ഓടും. മിക്ക ദിവസങ്ങളിലും ചളിനിറഞ്ഞ മുറ്റത്ത് തെന്നിവീഴാനായിരുന്നു എൻ്റെ വിധി. ആ വീഴ്ച കാരണം ട്രൗസറു കീറി ചെളിയിൽ പുതഞ്ഞ് എല്ലാവരുടേയും മുന്നിൽ പരിഹാസ്യനായി ബസ്സിനുള്ള ക്യൂവിൽ ഇടം കിട്ടാതെ ഞാൻ ഏതെങ്കിലും മരച്ചുവട്ടിൽ പതുങ്ങിമാറിനിൽക്കും. ആ സമയത്തൊക്കെ നേരത്തേ പറഞ്ഞ ഒളിച്ചോട്ടസ്വപ്നം എൻ്റെയുള്ളിൽ ആവർത്തിച്ച് വരാറുണ്ടായിരുന്നു.
പണക്കാരനായി കഴിയുമ്പോൾ ഞാൻ ഒരു കാറുമായി ഇതുവഴിയെ വരും. ഇപ്പോൾ ഞാൻ നിൽക്കുന്നതുപോലെ അന്ന് ബസ്സിൻ്റെ ക്യൂവിൽ നിൽക്കാൻ പറ്റാതെ വഴിയേ പോകുന്ന സകല വണ്ടിക്കും കൈനീട്ടുന്നോൻമാരുണ്ടാകുമല്ലോ. അവരെ എൻ്റെ കാറിൽ കയറ്റി പോകേണ്ട സ്ഥലത്തു കൊണ്ടുപോയിറക്കും.
