പ്രിയപ്പെട്ട എഴുത്തുകാരൻ ടി.വി. കൊച്ചുബാവ ഗൾഫ് മതിയാക്കി കോഴിക്കോട് മൂഴിക്കലിൽ സ്ഥിരതാമസം തുടങ്ങിയ കാലം. 'വൃദ്ധസദന'വും 'പെരുങ്കളിയാട്ട'വും മലയാള സാഹിത്യം ഇളക്കിമറിച്ചതിൻ്റെ അലകൾ തീർന്നിരുന്നില്ല.
'വലിയ'ബാവയായി അദ്ദേഹം ഹോട്ടലിൽ അഭിമുഖമായുള്ള കസേരയിൽ നിറഞ്ഞു പരന്ന് ഇരുന്നു. ഫാറൂഖ് കോളജ് വിദ്യാർഥികളായ എന്നോടും സുഹൃത്തുക്കളോടും സാഹിത്യം പറഞ്ഞു. സാഹിത്യരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ഉപജാപങ്ങളെ കുറിച്ച് പരിസരം മറന്ന് രോഷാകുലനാവുക വരെ ചെയ്തു. പിന്നെ ചെറിയ കണ്ണുകൾ പിന്നെയും ഇറുക്കി മുഖത്ത് നോക്കി ചിരിച്ചു. ചെറിയൊരുപേപ്പറിൽ തൻ്റെ അഡ്രസ്സ് മുഴുവനായുമെഴുതി എനിക്കു നീട്ടിയിട്ട് അദ്ദേഹം പറഞ്ഞു:
"പാളയത്ത് നിന്ന് ബസ്സ് കിട്ടും. വരും മുമ്പ് കാർഡയക്കണം."
ഞാനന്ന് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ബാലപംക്തിയിലല്ലാതെ ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തിലും കഥകൾ വന്നിട്ടില്ല. കൊച്ചുബാവയെപ്പോലൊരാൾ മുതിർന്ന ഒരാളോടെന്ന പോലെ എന്നോട് ഇടപെടുന്നതിൻ്റെ ആശ്ചര്യവും സന്തോഷവും എനിക്കുണ്ടായി.
