ഫ്രഞ്ച് അഭിനേത്രി ഴാൻ മോറോയുടെ (Jeanne Moreau)കടന്നുപോകൽ അകാലത്തായിരുന്നുവെന്ന് പറയാനാവില്ല. ജീവകാലം (23 ജനുവരി 1928-31 ജൂലൈ 2017) സാമാന്യേന ദീർഘിച്ചതായിരുന്നു. എന്നിരിക്കിലും ആ വേർപാട് നിങ്ങളെ ദുഃഖിപ്പിക്കും: ലോകസിനിമയുടെ രാജവീഥികളിൽ എവിടെയെങ്കിലും നിങ്ങൾ ഴാൻ മോറോയെ കണ്ടിട്ടുണ്ടെങ്കിൽ. ഫ്രഞ്ച് നവതരംഗത്തിന്റെ സ്പർശം നിങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിൽ. സർവ്വോപരി നിങ്ങൾ സിനിമയെ സ്‌നേഹിക്കുന്നുവെങ്കിൽ.
ഓർസൻ വെൽസിനെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടയായ നടി ഴാൻ മോറോയായിരുന്നു. ഴാങ് റെന്വാർ സംശയലേശമില്ലാതെ പറഞ്ഞിട്ടുണ്ട്, താൻ അങ്ങേയറ്റം ആരാധിക്കുന്നത് ഴാൻ മോറോയെയാണെന്ന്. വിസ്മയപ്പെടുത്തുന്ന ഒന്നാംകിട അഭിനേത്രിയെന്ന് ലൂയി ബുനുവലും.
ബുനുവലിന്റെ വാക്കുകൾ കേൾക്കുക: ''ഞാനെന്റെ നിർദ്ദേശങ്ങൾ പരമാവധി കുറയ്ക്കുകയും മിക്കപ്പോഴും ക്യാമറകൊണ്ട് അവളെ പിന്തുടരുകയുമാണ് ചെയ്തത്. വാസ്തവത്തിൽ, സെലസ്റ്റിനെന്ന കഥാപാത്രത്തിൽ ഉണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ലാത്ത പല കാര്യങ്ങളും അവൾ എന്നെ പഠിപ്പിച്ചു.''
