മഞ്ഞും വെയിലും സർവ്വകലാശാലയും

Memoir

മഞ്ഞും വെയിലും സർവ്വകലാശാലയും


ബൊഗെയ്ന്‍വില്ലകള്‍ പൂത്തുലഞ്ഞിരിക്കുന്ന രണ്ടായിരത്തിപ്പതിനൊന്നിലെ ജൂലൈ മാസത്തിലാണ് ആദ്യമായി ജെ എൻ യു ക്യാമ്പസിൽ കാലുകുത്തുന്നത്. അത്ര പരിചിതരായി ആരുമുണ്ടായിരുന്നില്ല, ഉണ്ടെങ്കിൽതന്നെ അവരവിടെ ഉണ്ടായിരുന്നുമില്ല. ബിരുദാനന്തരബിരുദത്തിനുശേഷം കുറച്ചുകാലം കറങ്ങിനടന്നാണ് ഏറെക്കാലത്തെ ആഗ്രഹമെന്ന നിലയില്‍ രണ്ടാമതൊരു പി.ജി.ക്ക് ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ഏസ്‌തെറ്റിക്‌സില്‍ ചേരുന്നത്. അപ്പോള്‍ രണ്ടുതരം വിഭ്രമങ്ങള്‍ എന്നെ വലയംചെയ്തിരുന്നു. ഒന്ന് വിദ്യാര്‍ത്ഥി എന്ന നിലയിലെ രണ്ടാംകാലം. മറ്റൊന്ന് ഭൂമിശാസ്ത്രവും ഭാഷയും മാറിയ ഒരിടത്ത് വേരുപിടിപ്പിക്കേണ്ടതിന്റെ ആകുലത. എന്നാല്‍ എല്ലാ അപരിചിതത്വങ്ങളും ആകുലതകളും ക്യാന്പസ്സിന്റെ വിശാലമാനവികതയുടെയും രാഷ്ട്രീയച്ചൂടിന്റെയും നടുക്കടലിലെവിടെയോ തേഞ്ഞുമാഞ്ഞുപോയി. സര്‍വ്വകലാശാല എന്നത് മാനവികതയ്ക്കും സഹിഷ്ണുതയ്ക്കും നവീന ആശയങ്ങള്‍ക്കും സത്യാന്വേഷണത്തിനും വേണ്ടി നിലകൊള്ളേണ്ട ഇടമാണെന്ന നെഹ്‌റുവിന്റെ ആശയം അതേപടി പിന്തുടര്‍ന്ന ഒരു സര്‍വ്വകലാശാലയിലാണ് എത്തിയത് എന്നു വൈകാതെ ബോധ്യപ്പെട്ടുതുടങ്ങി. ഈ ആശയങ്ങള്‍ക്ക് പില്‍ക്കാലത്ത് വലിയ കോട്ടം തട്ടിയെങ്കിലും, ഏതൊരു സര്‍വ്വകലാശാലയും ഉയര്‍ത്തിപ്പിടിക്കേണ്ട അടിസ്ഥാനതത്ത്വങ്ങളുടെ ബാലപാഠങ്ങള്‍ ഞാനവിടെ അഭ്യസിച്ചു. പരസ്പരബഹുമാനത്തിന്റെയും കൊടുക്കല്‍വാങ്ങലുകളുടെയും ആകെത്തുക എന്നു പറയാം.

എല്ലാ മനുഷ്യര്‍ക്കും മൂന്നുതരം ജീവിതങ്ങളുണ്ട് എന്ന് മാര്‍ക്കേസ് എഴുതി. പൊതുജീവിതം, സ്വകാര്യജീവിതം, രഹസ്യജീവിതം. സര്‍വ്വകലാശാലകളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പൊതുജീവിതം ഈ ലേഖകനുള്‍പ്പെടെ പലരും പലയിടത്തായി എഴുതി. ഈ എഴുത്ത് അതിന്റെ മറുപുറമാണ്, അല്ലെങ്കില്‍ പൊതുജീവിതത്തിന്റെ അടിയടരില്‍ ഉറഞ്ഞുകൂടിയ സ്വകാര്യതകളുടെ വീണ്ടെടുപ്പ്.

അക്കാദമിക് ജീവിതത്തിന്റെ ക്ലാസ്മുറികള്‍ക്കും ചായവര്‍ത്തമാനങ്ങള്‍ക്കുമപ്പുറം ഒരു ഏകാകിയെ ഞാനുള്ളില്‍പ്പോറ്റി. ആള്‍ക്കൂട്ടങ്ങളില്‍നിന്നകന്ന് മഞ്ഞുപെയ്യുന്ന രാത്രികളിലൂടെയും തിരക്കുപിടിച്ച ഗലികളിലൂടെയും നടന്നു. പാതവക്കിലെ ചായക്കടകളും പുസ്തകക്കടകളും ചന്തകളും സ്വകാര്യവഴികളില്‍ കടന്നുകൂടി. "ഭയ്യാ ഏക് ചായ് ദേ ദീജിയേ'' എന്ന ചെറുകിട ആവശ്യങ്ങളില്‍നിന്നും "ഭായ്‌സാബ് ആപ് കൈസേ ഹോ?'' എന്ന കുശലാന്വേഷണത്തിലേക്ക് അപ്പോഴേക്കും എന്റെ ഹിന്ദി വളര്‍ന്നു. എന്റെ താടിമീശ എല്ലായ്‌പ്പോഴും എന്നെ ഒറ്റിക്കൊടുത്തു. ഞാനവരില്‍പ്പെട്ടവനല്ലെന്ന് ഒറ്റനോട്ടത്തിലേ അവര്‍ പിടിച്ചെടുത്തു. എങ്കിലും കലഹത്തിന്റെയും കലര്‍പ്പിന്റെയും ഇടയിലും കരുണയുടെയും സഹാനുഭൂതിയുടെയും ഭാഷ ഒന്നെന്ന് ഞാനറിഞ്ഞു. 


Related Articles