അവിവാഹിതയുടെ നിർവചനങ്ങൾ

Memoir

അവിവാഹിതയുടെ നിർവചനങ്ങൾ


എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സമുദായം സ്വകാര്യതയിൽ ആദ്യമായി ഇടപെടുന്നത്. ഹൈസ്‌കൂൾ വിദ്യാർത്ഥിനി മിഡി ധരിക്കുന്നു, നീളൻ പാവാടയിട്ടുകൂടേ എന്നതായിരുന്നു അന്നെനിക്കുനേരേയുണ്ടായ ആരോപണം. ബന്ധുക്കളാരോ ആണ് അത് ഉന്നയിച്ചതെന്നു തോന്നുന്നു. ചുരിദാർ അന്ന് ഫാഷനായി വരുന്നതേയുള്ളൂ. സ്‌കൂളിൽ ശാരീരികവലിപ്പം കുറഞ്ഞ കുട്ടികൾ മിഡിയോ ഫ്രോക്കോ ഹാഫ് സ്‌കർട്ടോ ധരിക്കുന്നു. പുഷ്ടിയുള്ളവർ നീളൻപാവാടയും ബ്ലൗസും ചിലപ്പോൾ ചുരിദാറും ധരിക്കുന്നു. വളരെച്ചെറിയ ഒരു കുട്ടിയായിരുന്നു ഞാൻ. സമൂഹത്തെ, സമുദായത്തെ പ്രകോപിപ്പിക്കും വിധം എന്ത് അതിക്രമമാണ് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. മിഡി, കണങ്കാലിനു മുകളിൽവരെ എത്തിനിൽക്കുന്നുണ്ട്. അയഞ്ഞ ടോപ്പാണ് ധരിച്ചിരിക്കുന്നത്... ധൃതിപിടിച്ച നടത്തത്തിനും ജീവിതരീതിക്കും സൗകര്യപ്രദമായ വേഷമായിരുന്നു അത്.

പക്ഷേ, ഹൈസ്‌കൂളിലെ മുസ്‌ലിം പെൺകുട്ടികളാരും മിഡി ധരിക്കുന്നില്ലായിരുന്നു. നിറയെ ചുരുക്കുകളുള്ള നീളൻ പാവാടയും ഇറുകിയ ജമ്പറും നേരിയ ഷാളും ധരിച്ച മുസ്‌ലിംപെൺകുട്ടികൾ മഴക്കാലത്ത് കുത്തിയൊലിച്ചു വരുന്ന വെള്ളവും ചെളിയും തട്ടി കുതിർന്നാണ് ക്ലാസ്സിൽ വരിക. അവരുടെ ദേഹപുഷ്ടിയെക്കുറിച്ച് സഹപാഠികളും അദ്ധ്യാപികമാരും പലപ്പോഴും മുനവെച്ച കമന്റുകൾ പറയാറുണ്ടായിരുന്നു. പക്ഷേ, സമുദായം അവരെയൊന്നും കുറ്റം പറഞ്ഞില്ല. എന്നിട്ടും ഇത്തിരിപ്പോന്ന എന്റെ വസ്ത്രധാരണം ആരുടെയൊക്കെയോ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നത് ആശ്ചര്യപ്പെടുത്തിയ കാര്യമായിരുന്നു. നീളൻ പാവാട ഇഷ്ടമേയല്ലായിരുന്നു. പാവാടയെക്കാൾ പ്രശ്‌നം ഇറുകിയ ജമ്പറായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തിയിട്ടും പരിഹസിച്ചിട്ടും സ്‌കൂൾ കാലം തീരുംവരെ മിഡി തന്നെ ധരിച്ചു. പിന്നീടാലോചിച്ചപ്പോൾ മനസ്സിലാക്കാനായി വസ്ത്രം അശ്ലീലമായതിനാലല്ല ആ കോലാഹലങ്ങളുണ്ടായത്, മറിച്ച് സാമ്പ്രദായികമായ വസ്ത്രധാരണരീതിയെ നിരാകരിച്ചു എന്നതായിരുന്നു സമൂഹത്തെ അസ്വസ്ഥപ്പെടുത്തിയത്. വരാൻ പോകുന്ന അസ്വാസ്ഥ്യജനകമായ ചുറ്റുപാടുകളിലേക്കുള്ള ചെറിയ സൂചന മാത്രമായിരുന്നു അത്.

തീർത്തും സാമ്പ്രദായികമായ ചുറ്റുപാടിലായിരുന്നില്ല ജനിച്ചതും വളർന്നതും. സർക്കാർ ഉദ്യോഗസ്ഥൻമാരുടെ കുടുംബമായിരുന്നു ഉപ്പയുടേത്. മതവിശ്വാസം ഉണ്ടായിരുന്നെങ്കിലും തികഞ്ഞ യാഥാസ്ഥിതികരായിരുന്നില്ല. പുസ്തകങ്ങളും സംഗീതവുമുള്ള വീടായിരുന്നു എന്റേത്. വീട്ടിൽ ട്യൂഷൻ തന്നായിരുന്നു മതപഠനം. ഹംസ മുസ്ലിയാരാവട്ടെ വായനയും ഫുട്‌ബോൾ ഭ്രമവും ലോകവിവരവുമുള്ള കൂട്ടത്തിലായിരുന്നു. മതത്തിന്റെ ശരിയായ സത്ത പറഞ്ഞു തന്നാണ് പഠിപ്പിച്ചത്. കാട്ടിക്കൂട്ടലുകളല്ല യഥാർത്ഥ വിശ്വാസം, അത് ഹൃദയത്തിൽ നിന്നുറവെടുക്കുന്നതാണെന്ന് അങ്ങനെയാണ് മനസ്സിലാക്കിയത്. കുട്ടിക്കാലംമുതലേ നോമ്പും നിസ്‌കാരവും ശീലമാക്കിയത് ആരുടെയും നിർബന്ധപ്രകാരമായിരുന്നില്ല. സ്വയം വേണമെന്നു തോന്നിയിട്ടാണ്.


Related Articles