അജിത എന്ന പേര് ഞാൻ ചെറുപ്പംമുതൽ കേട്ടുവളരുന്നതാണ്. അക്കാലത്ത് തന്നിഷ്ടക്കാരികളായ എല്ലാ പെൺകുട്ടികളെയും ‘അജിത’ എന്നാവും വീട്ടുകാരും കൂട്ടുകാരും നാട്ടിലെ ‘ക്രിട്ടിക്കു’കളും വിളിച്ചിട്ടുണ്ടാവുക.
എനിക്ക് ഓർമ്മവെക്കുംമുമ്പാണ് അജിതയെ പുൽപ്പള്ളി പോലീസ്‌സ്റ്റേഷൻ ആക്രമണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നതും പിന്നീട് വിചാരണചെയ്ത് ഒമ്പതുവർഷം തടവിന് ശിക്ഷിക്കുകയും ചെയ്യുന്നത്. അജിതയ്ക്ക് ജയിലിൽ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച് ഒട്ടേറെ കഥകൾ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതെല്ലാം സ്ത്രീകൾ ശബ്ദം കുറച്ച് ആവും പറയുക.
"അവൾ അജിതയാവാൻ നടക്ക്വാ” എന്ന് എന്നെക്കുറിച്ച് അമ്മൂമ്മ പറഞ്ഞതിന് ഒരു കാരണമുണ്ടായിരുന്നു. എന്നെക്കൂട്ടാതെ, ഒരിക്കൽ എന്നോട് പറയുകപോലും ചെയ്യാതെ അമ്മയും മാമനും ടൗണിലേക്ക് ഓട്ടോറിക്ഷയിൽ പോയി. എനിക്ക് അത് വല്ലാത്ത ചതിയായി തോന്നി. ഓട്ടുകമ്പനിയുടെ കയറ്റത്തില്‍നിന്ന് നോക്കുമ്പോള്‍ അവരെയും വഹിച്ചുകൊണ്ടുപോകുന്ന ഓട്ടോറിക്ഷ വ്യക്തമായി കാണാമായിരുന്നു. അതിനെ ലക്ഷ്യമാക്കി, പുറകെ ഞാൻ ഇറക്കമിറങ്ങിയോടി. ശൂരൻപട കടന്നുവരാറുള്ള വഴികളിലൂടെ കാളിയായി ഞാന്‍ സ്വയം സങ്കല്പിച്ച് അലറിവിളിച്ചുകൊണ്ടായിരുന്നു ആ ഓട്ടം. മല്ലിന്റെ കമ്മീസ് (പെറ്റിക്കോട്ട്) മാത്രമായിരുന്നു ശരീരത്തിലുണ്ടായിരുന്നത്. കാലില്‍ ചെരിപ്പുപോലും ഉണ്ടായിരുന്നില്ല. ഓടിയോടി കണ്ണന്തറയും കൊളത്തോട്ടെ വീടും വി കെ കൃഷ്ണമേനോന്റെ തറവാടായ എറണാമ്പലവും കടന്ന്, തട്ടാൻകാവു ചുറ്റി, മേനക ടെയ്ലേഴ്സിലെ കേശവൻ ചേട്ടന്റെ പിൻവിളികളെ ശ്രദ്ധിക്കാതെയുള്ള ഭ്രാന്തമായ ഓട്ടമായിരുന്നു അത്.
