പണ്ട് കുടുംബത്തിലെ കുട്ടികൾ എന്നെ ഉണ്ടക്കണ്ണി എന്ന് കളിയാക്കി വിളിച്ചിരുന്നു. ഞാൻ എപ്പോഴും കണ്ണുരുട്ടിപ്പിടിച്ച് ചുറ്റും ജിജ്ഞാസയോടെ നോക്കിക്കൊണ്ടിരിക്കും. അഞ്ഞൂറിന്റെ ബൾബ് പോലെയാണത്രെ അപ്പോൾ എന്റെ കണ്ണുകൾ! ആ വിളിപ്പേര് എനിക്കൊട്ടും ഇഷ്ടമായിരുന്നില്ല. ആ ഉണ്ടക്കണ്ണിയുടെ മനസ്സും കണ്ണും കണ്ട കാഴ്ചകളാണ് ഇവിടെ എഴുതാൻ ശ്രമിക്കുന്നത്. നീറിപ്പിടയുന്നവയോ രക്തം കിനിയുന്നവയോ ഊടും പാവും തിരിച്ചെടുക്കാനാവാത്തവയോ ഒന്നും ഇതിലില്ല. മറ്റൊരിക്കലേക്ക് ഞാനത് മാറ്റിവെക്കുന്നു.
കഥപറയാൻ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ചുറ്റുമുള്ള മനുഷ്യരും സംഭവങ്ങളും ഒക്കെ എന്റെ കഥപറച്ചിലിൽ, പുതിയ നിറങ്ങളിൽ, സംഘർഷഭരിതമായ ഉൾച്ചുഴികളിൽ ആവിഷ്കരിക്കപ്പെട്ടു.
"അതേ ഇന്നലെ ഞാൻ ഡാൻസ് ക്ലാസ്സിലേക്ക് നടക്കുകയായിരുന്നു. അപ്പോളുണ്ട് ഇടവഴിതിരിഞ്ഞ് നാസർ എന്റെ ഭാഗത്തേക്ക് നടന്നുവരുന്നു, ഞാൻ പേടിച്ചുപോയി. ഭാഗ്യത്തിന് അവൻ എന്നെ കണ്ടിട്ടില്ല. ഞാനെങ്ങനെയോ ശാന്തേടത്തിയുടെ പറമ്പിന്റെ അതിരിൽ തൂങ്ങിക്കിടന്ന വേരൊക്കെ പിടിച്ചു പിടിച്ച് മുകളിലേക്ക് കയറി. ആ മുളക്കൂട്ടത്തിന്റെ മറവിൽ ശ്വാസം വിടാതെ പിടിച്ചുനിന്നു. അവിടത്തെ ചോണനുറുമ്പിന്റെ കൂട്ടീന്ന് ഒന്ന് കുപ്പായത്തിൽ കയറി. എന്നിട്ടുപോലും ഞാൻ അനങ്ങിയില്ല.” ഇങ്ങനെ പോകും ആ വിവരണം. അല്പം മാനസികവെല്ലുവിളികൾ നേരിട്ടിരുന്ന നാസറിന്റെ പെരുമാറ്റരീതികൾ ഞങ്ങൾ കുട്ടികളിൽ അക്കാലത്ത് ഏറെ ഭയമുണ്ടാക്കിയിരുന്നു. അവനെ ഇടവഴിയിൽവെച്ച് ഒറ്റയ്ക്കു കണ്ടപ്പോൾ ഞാൻ പേടിച്ചുവെങ്കിലും ധൈര്യം സംഭരിച്ച് ആ സാഹചര്യത്തെ എങ്ങനെ നേരിട്ടു എന്നാണ് ഞാൻ ഇങ്ങനെ വിശദമാക്കാൻ ശ്രമിച്ചത്. അവൻ എന്റെ കഥകളിലെ സ്ഥിരം പ്രധാന കഥാപാത്രവുമായിരുന്നു.
