1983 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതായ 'അംബരം' എന്ന കഥയിലൂടെയാണ് യു.പി. ജയരാജിനെ അടുത്തറിയാൻ സാധിച്ചത്. എൺപതുകളിൽ കോഫീഹൗസ് ചർച്ചകളിൽ മാത്രം ഒതുങ്ങിപ്പോയ മഹത്തായ വിപ്ലവ പ്രസ്ഥാനത്തിന്റെ നീറുന്ന അനുഭവമായിരുന്നു ആ കഥ. സായാഹ്നങ്ങളിൽ ആൽമരത്തിൽ ചേക്കേറുന്ന കാക്കകളെപ്പോലെ കോഫീഹൗസിൽ ഇന്ത്യൻകാപ്പി നുണഞ്ഞുകൊണ്ട് കലപില ശബ്ദങ്ങളിൽ ഇന്ത്യൻ അവസ്ഥയും കവിതയും വിപ്ലവവും ചർച്ച ചെയ്യപ്പെടുമായിരുന്നു. 'അംബര'ത്തിന്റെ പശ്ചാത്തലം തലശ്ശേരി കോഫീഹൗസായിരുന്നു. കഥ വായിച്ചതിനു ശേഷം കോഫീഹൗസിൽ പോകുമ്പോഴൊക്കെ ജയരാജിന്റെ സാന്നിദ്ധ്യം അവിടെയെവിടെയെങ്കിലുമുണ്ടോയെന്ന് ഞാൻ കണ്ണുകൊണ്ട് തിരഞ്ഞു. പക്ഷേ, ജയരാജിനെ കണ്ടെത്താനോ പരിചയപ്പെടാനോ എനിക്ക് സാധിച്ചില്ല. കാണാനും സൗഹൃദമുണ്ടാക്കാനുമായി അന്വേഷിച്ചപ്പോഴൊക്കെ അദ്ദേഹം തിരുച്ചിയിലോ അംബർനാഥിലോ വെടിക്കോപ്പ് നിർമ്മാണശാലയിൽ ജോലി ചെയ്യുകയായിരുന്നു.
തിരുച്ചിറപ്പള്ളി ആയുധ നിർമ്മാണശാലയിൽ ഇലക്ട്രിക്കൽ ചാർജ്ജുമാനായി ജോലി ചെയ്തു വരികെ കാൻസർ രോഗം പിടിപ്പെട്ട് 1999 ജൂലൈ 11-ന് 49-ാമത്തെ വയസ്സിൽ ജയരാജ് ഈ ലോകത്തോട് യാത്ര പറഞ്ഞു.
ജയരാജിന്റെ മരണശേഷം ടി. പത്മനാഭൻ 'യു.പി ജയരാജിന് ഒരു കത്ത്' എന്ന പേരിൽ ഒരു കുറിപ്പ് മാതൃഭൂമി വാരാന്തപതിപ്പിൽ എഴുതുകയുണ്ടായി. ജയരാജ് തന്റെ ഹൃദയത്തിൽ ഇടം നേടിയതിനെക്കുറിച്ചും അംബരം എന്ന കഥ തന്നെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചുമുള്ള അനുഭവ ആഖ്യാനമായിരുന്നു അത്.
