മൂന്ന് പതിറ്റാണ്ടിനുമപ്പുറം 'ഏഴിനും മീതെ' എന്ന ചെറുനോവൽ എഴുതിക്കൊണ്ടിരുന്നപ്പോൾ ഞാനനുഭവിച്ചത് ദൈവത്തെ തോറ്റിയുണർത്തുന്നതിന് വടക്കൻ കേരളത്തിലെ വലിയൊരു വിഭാഗം സാധാരണജനങ്ങൾ കാലാകാലമായി ഉപയോഗിച്ചുപോരുന്ന ഭാഷയുടെയും ആ ജനതയുടെ പൂർവികരിലൊരാൾ, പിന്നീട് ദൈവമായി മാറിയ മന്ദപ്പൻ എന്ന മനുഷ്യൻ, ചെറുപ്രായത്തിൽ കാൽനടയായി സാധിച്ച ദീർഘയാത്രയുടെയും താളം എന്റെതായ രീതിയിൽ പുനഃസൃഷ്ടിക്കുന്നതിന്റെ ലഹരിയായിരുന്നു. ആ ലഹരി 'ഏഴിനും മീതെ' എഴുതിത്തീർന്നതോടെ ഇല്ലാതായി. എഴുത്ത് എപ്പോഴും അങ്ങനെതന്നെയാണ്. എഴുതിക്കഴിഞ്ഞ ഒരു കൃതിയെ മനസ്സു കൊണ്ട് പിന്നെയും പിന്നെയും ആശ്ലേഷിച്ചുകൊണ്ടേയിരിക്കാൻ ഏത് എഴുത്തുകാരനാണ്/ എഴുത്തുകാരിയാണ് താത്പര്യപ്പെടുക. ഈ ചെറിയ ജീവിതംകൊണ്ട് തനിക്ക് ചെയ്യാനാവുന്ന വലിയ കാര്യങ്ങളിലൊന്ന് ചെയ്തുതീർത്തു എന്ന് അഭിമാനിക്കാൻ കഴിയുന്ന എഴുത്തുകാർ ചിലരൊക്കെ ഉണ്ടായേക്കാം. ഞാൻ അവരുടെ ഗണത്തിൽപ്പെടുന്ന ആളല്ല. ഞാനെഴുതുന്ന ഓരോ കഥയും കവിതയും നോവലും നാടകവും എന്റെ മനസ്സിന്റെ എനിക്കു തന്നെ പൂർണമായും പിടികിട്ടാത്ത ആവശ്യങ്ങളുടെ നിർവഹണമാണ് ലക്ഷ്യംവെച്ചത്. സാധാരണഗതിയിൽ ആ ആവശ്യങ്ങളെക്കുറിച്ചുള്ള പുനരാലോചനയ്ക്ക് ഞാൻ മുതിരാറില്ല. 'നീ എനിക്ക് എന്ത് നേടിത്തന്നു?' എന്ന് കൃതിയോട് ഞാൻ ചോദിക്കാറുമില്ല.
'ഏഴിനും മീതെ'യുടെ കാര്യത്തിൽ പക്ഷേ, വ്യത്യസ്തമായ ചിലത് സംഭവിച്ചു. എഴുത്തുകാരനാകണം എന്ന മോഹം ചെറുപ്രായത്തിൽ തന്നെ എങ്ങനെയൊക്കെയോ എന്റെ ഉള്ളിൽ ഇടംപിടിച്ചിരുന്നുവെങ്കിലും അത് വെറുതെയെന്നോണം തുള്ളിക്കളിക്കുന്ന ആട്ടിൻകുട്ടിയുടെ അവസ്ഥയിലായിരുന്നു വർഷങ്ങളോളം. പുതിയ വിഷയങ്ങൾ കണ്ടെത്താനുള്ള വെമ്പലും രാഷ്ട്രീയനിലപാടുകളുടെ ആർജവവും മറ്റും എന്റെ എഴുത്തിലേക്ക് വന്നുതുടങ്ങിയതിൽപ്പിന്നെയും അതിന്റെ പ്രകൃതത്തിൽ കാര്യമായ മാറ്റം വന്നിരുന്നില്ല. 'ഞാൻ ഞാനായിത്തന്നെ ഇരിക്കണം, ഞാൻ പറയുന്നത് മറ്റൊരാൾ ഇന്നേവരെ പറഞ്ഞിട്ടില്ലാത്തതായിരിക്കണം' എന്നൊക്കെയുള്ള തീരുമാനവുമായി എഴുത്തുജീവിതം പുതുവഴിയിലേക്ക് പ്രവേശിച്ച് ഒന്നര ദശകത്തോളം കഴിഞ്ഞപ്പോഴാണ് ഞാൻ ലക്ഷ്യംവെക്കുന്ന മൗലികത ഇപ്പോഴും വളരെ അകലെയാണെന്നും മലയാളസാഹിത്യത്തിൽ ആധിപത്യം പുലർത്തുന്നതും സ്‌ഫോടനാത്മകം എന്ന പ്രതീതി സൃഷ്ടിച്ച് അവതരിച്ചതെങ്കിലും ഫലത്തിൽ ആളുകൾക്ക് വായനാസുഖം നൽകുക എന്നതിനപ്പുറത്ത് ദർശനതലത്തിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും സാധിക്കാത്തതും ആയ ആധുനികതയുടെ നിഴൽ എന്റെ കഥകൾക്കുമേലും സമൃദ്ധമായി വീണുകിടപ്പുണ്ടെന്നും ബോധ്യമായത്.
