വർഷങ്ങൾക്കു മുമ്പ് 'ആന്‍റിക്രൈസ്റ്റ്' എന്ന സിനിമ തിരുത്തിയെഴുതുന്നതിനു വേണ്ടി സംവിധായകന്‍ ലിജോ പെല്ലിശ്ശേരിയും ഞാനും കൂടി വാഗമണ്ണിലേക്കു പോയിരുന്നു. താമസിച്ചിരുന്നത് തീരെ വെളിച്ചം കുറഞ്ഞ ഒരു തറവാട്ടുവീട്ടിലായിരുന്നു എന്നത് ഇപ്പോഴും ഓർക്കുന്നുണ്ട്. രാത്രി കനത്ത മഴയുംകൊണ്ടാണ് ഞങ്ങൾ അവിടെ എത്തിയത്. ഇടതോരാത്ത മഴയും കനത്ത തണുപ്പും കൂടിയായപ്പോള്‍ എഴുതിക്കൊണ്ടിരുന്ന സിനിമ പോലെ ഭീതി നിറഞ്ഞതായി അന്തരീക്ഷം. മനസ്സിനേയും ശരീരത്തേയും മരവിപ്പിക്കുന്ന കടുത്ത തണുപ്പിലകപ്പെടുമ്പോഴെല്ലാം എന്നെ ‘ചാവുനിലം' ബാധിക്കാന്‍ തുടങ്ങും. തൊണ്ണൂറ്റിയാറില്‍ പുസ്തകമായി പ്രസിദ്ധീകരിച്ച നോവലാണ് 'ചാവുനിലം'. എഴുതിത്തീർന്നിട്ടും തീരാതെ അതങ്ങനെ എന്നില്‍ത്തന്നെ തങ്ങിക്കിടന്നപ്പോള്‍ രണ്ടാമതൊരു കൃതി എഴുതാനാകാതെ ഞാന്‍ നിസ്സഹായനായിപ്പോയി. ഖനിച്ചു തീരാത്ത മണ്ണായതിനാലാകാം ആ നേരത്ത് എഴുതിക്കൊണ്ടിരുന്ന സിനിമയും പിറന്നത് അവിടെ തന്നെയായായിരുന്നു.
'ആന്‍റിക്രൈസ്റ്റി'ലെ നായകന്‍ തന്‍റെ കുഞ്ഞിന്‍റെ ശരീരം പെട്ടിയിലാക്കി മഞ്ഞു പെയ്യുന്ന മലമ്പ്രദേശത്തേക്കു യാത്ര ചെയ്യുകയാണ്. 'ചാവുനില'ത്തിലെ ഈനാശു ബാധയേറ്റതു പോലെ മനുഷ്യരെല്ലാമൊഴിഞ്ഞ ആ വലിയ തറവാട്ടു വീടിന്‍റെ മുറ്റത്ത് ഒരു കുഴി തോണ്ടുന്നു. ചാപിള്ളയായി പിറന്ന തന്‍റെ കുഞ്ഞിനെ സംസ്‌ക്കരിക്കാന്‍. സംസ്ക്കാരം കഴിഞ്ഞ് ആ മൺകൂനയുടെ തലയ്ക്കല്‍ ഒരു കുരിശു കുത്തിവച്ചിട്ടാണ് ഈനാശു കടന്നുപോകുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം എഴുതിയ ഈ.മ.യൗവിലും വീട്ടുമുറ്റത്തെ മൺകൂനയില്‍ ചുള്ളിക്കമ്പുകൊണ്ടു കെട്ടിയെടുത്ത ഒരു കുരിശു കുത്തിവയ്ക്കുകയാണ് ഈശി. ചാവുനിലത്തിന്റെ ബാധ കുറേയേറെ കാലം നീണ്ടു നിന്നുവെന്നു തന്നെ പറയണം. അന്ന് വാഗമണ്ണിലേക്കു പോയ ഞങ്ങള്‍ എഴുത്തു പൂര്‍ത്തിയാക്കി മടങ്ങിയശേഷം ഊട്ടിയിലെ മരവിപ്പിക്കുന്ന തണുപ്പില്‍ അതു ചിത്രീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം നടത്തി. എന്നാല്‍ ഷൂട്ടിന് അഞ്ചു ദിവസമുള്ളപ്പോള്‍ ആ സിനിമ ഉപേക്ഷിക്കപ്പെട്ടു. അതൊരു ചാപിള്ള പോലുമാകാതെ എന്നില്‍ത്തന്നെ സംസ്‌ക്കരിക്കപ്പെട്ടു. അതിന്റെ പ്രാരാബ്ധവും മനശ്ശല്യവും ചെറുതായിരുന്നില്ല. അവസാന നിമിഷം വാതിലു കൊട്ടിയടച്ചു പിറവി തടയുന്നതു പോലെയുള്ള വ്യഥ. എല്ലാ സൃഷ്ടികളും പിറക്കുന്നത് ഇത്തരം തീവ്രമായ വ്യസനങ്ങളില്‍ നിന്നാണെന്നു ഞാന്‍ തിരിച്ചറിഞ്ഞത് 'ഇരുട്ടില്‍ ഒരു പുണ്യാളന്‍' എന്ന എന്റെ നോവല്‍ എഴുതിത്തീർന്നപ്പോൾ മാത്രമാണ്. 'ഇരുട്ടില്‍ ഒരു പുണ്യാളന്‍' 'ആന്റിക്രൈസ്റ്റ്' ആണോ എന്നു ചോദിച്ചാല്‍, അല്ല എന്നു തന്നെയാണുത്തരം. എന്നാല്‍ ആ തിരക്കഥ എഴുതിയില്ലായിരുന്നെങ്കില്‍ രണ്ടാമതൊരു നോവല്‍ ഞാനെഴുതുമായിരുന്നില്ല എന്നും പറയേണ്ടിവരും. അനേകം വര്‍ഷങ്ങള്‍ക്കു മുമ്പ് ചാവുനിലത്തിനും മുമ്പ് ഞാനെഴുതിയ ഒരു ചെറുകഥയില്‍ നിന്നാണ് അതിന്റെ തുടക്കം.
