ചെറുപ്പം മുതലേ എനിക്ക് ഫിസിക്സ് വലിയ ഇഷ്ടമായിരുന്നു. പക്ഷെ ആ ഇഷ്ടത്തിനൊത്ത മാർക്ക് സ്കൂളിലെ പരീക്ഷകൾക്ക് കിട്ടാറില്ല. അതുകൊണ്ടാണ് കോളേജിൽ പോയി സയൻസ് പഠിക്കാൻ എനിക്ക് സാധിക്കാതിരുന്നത്. ഒരു ശാസ്ത്രവിദഗ്ദനാകേണ്ട ഞാൻ പ്രീഡിഗ്രിക്ക് ഇരിട്ടിയിലെ ഒരു പാരലൽകോളജിൽ തേഡ്ഗ്രൂപ്പെടുത്ത് ഇകണോമിക്സും ഹിസ്റ്ററിയും പഠിക്കുന്നവനായി മാറി. ആ കോളേജിൽ ഞാൻ ആരോടും മിണ്ടാത്ത ഒരു കോംപ്ലക്സുകാരനായി മാറിയത് സയൻസ് പഠിക്കാൻ പറ്റാത്തതിൻ്റെ വിഷമത്തിലായിരുന്നോ എന്ന് എനിക്കിപ്പോൾ നല്ല സംശയമുണ്ട്.
കോളേജിനോടുള്ള താൽപര്യക്കുറവുകൊണ്ട് മിക്ക ദിവസങ്ങളിലും ഞാനങ്ങോട്ടു പോയില്ല. ഇരിട്ടി ടൗണിൻ്റെ പിന്നാമ്പുറങ്ങളിലുള്ള ഒളിവിടങ്ങളിലും ന്യൂ ഇന്ത്യ, കൽപ്പന, ശ്രീകൃഷ്ണ എന്നിങ്ങനെ പേരുള്ള മൂന്ന് ടാക്കീസുകളുടെ ഇരുട്ടിലും പോയി ഇരിക്കുന്നതായിരുന്നു എനിക്കിഷ്ടം. അവിടങ്ങളിലാകുമ്പോ അധികം പേരുടെ മുഖം കാണണ്ട. പിന്നെ നമ്മളിതുവരെ കാണാത്ത പല ലോകങ്ങളും കാലങ്ങളും സംഭവങ്ങളും നമ്മുടെ മുന്നിൽ ഷോയായി നടക്കുന്നുമുണ്ടാകും.
ടാക്കീസുകളിൽനിന്ന് കൂടുതലും ഇംഗ്ലീഷ് സിനിമകളാണ് ഞാൻ കണ്ടത്. സ്കൂളിൽ സയൻസിൻ്റെ കാര്യത്തിൽ എന്നതുപോലെ സിനിമാകാണലിലൂടെ എനിക്കു കിട്ടിയ ഇംഗ്ലീഷ്പ്രാവിണ്യം അളന്നു നോക്കാനുള്ള പരീക്ഷാസംവിധാനം യൂണിവേഴ്സിറ്റിക്കില്ലായിരുന്നു. അതുകൊണ്ട് ഞാൻ പ്രീഡിഗ്രി പരീക്ഷയിൽ ഇംഗ്ലീഷിന് തോറ്റു. അപ്പോൾ മമ്മിയാണ് വീണ്ടും സയൻസിലേക്ക് തിരിയാൻ എന്നോടു പറയുന്നത്. മകനെ ഗൾഫുകാരനാക്കാനുള്ള മമ്മിയുടെ ആഗ്രഹമായിരുന്നു അതിനു പിന്നിൽ.
