തിരുവനന്തപുരത്തിനടുത്ത് വേളിയിലെ ബോട്ട് ക്ലബ്ബിന്റെ വക കോട്ടേജിന്റെ തൊട്ടുമുന്നിൽ കായലും കായൽ ചെന്നു തൊടുന്ന പൊഴി മുഖവും, അതിനപ്പുറത്തു കടലും. മഴ മൂക്കുമ്പോൾ കായൽ പൊങ്ങി, കോട്ടേജിന്റെ പടിയിൽ വന്നു തല്ലാൻ തുടങ്ങും. എത്രയോ ഏക്കറുകൾ വിസ്തൃതിയുള്ള ആ തെങ്ങിൻ തോപ്പിൽ എപ്പോഴും കടലിരമ്പുന്നതിന്റെ ശബ്ദം നിറഞ്ഞുനിൽക്കും. ഉപ്പുരസം തൊട്ടുനക്കിനില്‍ക്കുന്ന കാറ്റ്, വല്ലപ്പോഴുമൊരിക്കൽ, പിറകിൽ തുമ്പയിൽ നിന്നുയരുന്ന റോക്കറ്റുകളുടെ പ്രകമ്പനത്തിൽ ഞെട്ടി വിറയ്ക്കും. കായലിലേക്കു കഴുത്തു നീട്ടിനില്‍ക്കുന്ന പുന്നമരങ്ങളിലെ പഴുത്ത കായകൾ നേർത്ത ഭൂചലനത്തിൽ തുരുതുരെ പൊഴിഞ്ഞുവീഴും. ഓർക്കാപ്പുറത്തുയരുന്ന ആ സ്ഫോടനത്തിന്റെ തീക്ഷ്ണതയിലായിരിക്കും, പലപ്പോഴും എഴുത്തിന്റെ ലഹരിയിൽ മുഴുകിയിരിക്കുന്ന ഞാൻ, ഞെട്ടലോടെ കൈയിൽ നിന്നു തെന്നിപ്പോകാൻ തുടങ്ങുന്ന പേനയെക്കുറിച്ചു ബോധവാനാകുന്നത്.
'പെരുവഴിയമ്പലം' എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു വെളുപ്പാൻ കാലത്തു ചായയുമായി വിളിച്ചുണർത്താൻ വന്ന ബോട്ട് ക്ലബിന്‍റെ സൂക്ഷിപ്പുകാരൻ അപ്പുപിള്ള, കൈയിലുള്ള വാഴയില എന്റെ കൺമുന്നിലേക്കു കണികാണാനെന്നോണം നീട്ടിപ്പിടിച്ചു. വാഴയിലയിൽ രണ്ടു ചെറുമുട്ടകൾ, സൂക്ഷിച്ചുനോക്കിയപ്പോൾ മുട്ടയുടെ ഒരു മുഖം സുതാര്യമാണ്. സുതാര്യതയ്ക്കടിയിൽ മൂർഖന്റെ പത്തിയിൽ കാണുന്നതു മാതിരിയുള്ള ചന്ദ്രക്കല, അടഞ്ഞ കൊച്ചു മിഴികൾ. ഞാനിരുന്നെഴുതിയിരുന്ന കോട്ടേജിന്റെ പിറകിലെ കുറ്റിക്കാട്ടിൽ നിന്ന് അപ്പു പിള്ളയ്ക്കു കിട്ടിയതാണ് ആ വിരിയാത്ത മുട്ടകൾ. ഒപ്പമുണ്ടായിരുന്ന അജയനെ (സഹസംവിധായകൻ) വിളിച്ചുണർത്തി ആ വിശേഷപ്പെട്ട കണി കാണിച്ചുകൊടുത്തു. തൊട്ട ബന്ധത്തിലുള്ള ഒരു പെൺകുട്ടി സർപ്പദംശനമേറ്റു മരിച്ചനാൾ മുതൽ നീർക്കോലിയെക്കണ്ടാൽ പോലും ഞെട്ടിവിറയ്ക്കുന്ന അജയന് അതു കണ്ടപ്പോൾ മുതൽ സ്വസ്ഥത നഷ്ടപ്പെട്ടു. മുട്ടകൾ ഉടച്ച്, അപ്പോൾ തന്നെ ആ സ്ഥലം വിടാൻ അജയൻ എന്നെ നിർബന്ധിക്കാൻ തുടങ്ങി. ഒരു പട്ടിക്കുട്ടിയുടെ സാന്നിദ്ധ്യം കൊണ്ടുപോലും അർദ്ധപ്രാണനായി മാറുന്ന എനിക്ക് എന്തുകൊണ്ടോ (കൊടിയ വിഷപ്പാമ്പുകൾ ധാരാളമായി മേഞ്ഞുനടക്കുന്ന ഒരു സർപ്പക്കാവിന്റെ സാമീപ്യത്തിൽ ജനിച്ചുവളർന്നതുകൊണ്ടാവാം) പാമ്പുകളോട് അശേഷം പേടി തോന്നാറില്ല. പാമ്പിൻ മുട്ടകൾ അവ എടുത്ത സ്ഥലത്തു തന്നെ തിരികെ കൊണ്ടുവയ്ക്കുമ്പോൾ അപ്പുപിള്ള ഓർമിപ്പിച്ചു: “ഇന്ന് ആയില്യമാണ്''.
അന്നു മുഴുവൻ ശ്രദ്ധ വേരുകൾക്കിടയിലെ പാമ്പിൻ പൊത്തിലായിരുന്നു. ഉച്ചയ്ക്കുമുമ്പ് ഒരിക്കൽ ചെന്നു നോക്കുമ്പോൾ, മുട്ടകൾക്കു ചുറ്റുമായി വളഞ്ഞു പുളഞ്ഞു വിടർന്ന പത്തിയും ഉയർത്തി, ഒരു കറുത്ത തള്ള.
