ചരിത്രാതീതകാലത്ത് മനുഷ്യർ വേട്ടക്കാരനും പെറുക്കിത്തീനിയുമായിരുന്നെന്ന് നരവംശശാസ്ത്രം. അതായത് ബാർട്ടർ വ്യവസ്ഥയ്ക്കും നാണയങ്ങൾക്കും മുമ്പ് അവൻ പ്രകൃതിയുടെ മടിത്തട്ടിൽ അവളുടെ അരുമസന്താനമായി വസിച്ചു. ചില നരവംശശാസ്ത്രജ്ഞർ ആദിമമനുഷ്യനെ പെറുക്കിത്തീനിയെന്നും പേരിട്ടു. മരങ്ങളിൽനിന്ന് പഴങ്ങൾ പറിച്ചുതിന്നും താഴെനിന്ന് കൊഴിഞ്ഞവ പെറുക്കിയും അവൻ സ്വേച്ഛപോലെ ജീവിച്ചു. ബൈബിൾ പുതിയ നിയമത്തിൽ ക്രിസ്തു പറയുന്ന 'വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത, നൂൽനൂൽക്കുകയും വസ്ത്രങ്ങൾ നെയ്യുകയും ചെയ്യാത്ത വയലിലെ ലില്ലിപ്പൂക്കൾ.' വാസ്തവത്തിൽ ഓരോ തെണ്ടിയും പ്രതിനിധീകരിക്കുന്നത് മനുഷ്യന്റെ ഈ ആദിമ പ്രകൃതിയെയാണ്, അദ്ധ്വാനത്തിനും അന്യവത്കരണത്തിനും മുമ്പുള്ള മനുഷ്യസത്തയുടെ പൂർണ്ണപ്രകാശനത്തെ. ആദിമ മനുഷ്യൻ ഇരയ്ക്കായി മരങ്ങൾക്കുമേലോട്ടും പിന്നെ കൊഴിഞ്ഞവയിലേക്കും കൈ നീട്ടിയപ്പോൾ തെണ്ടി സഹജീവികൾക്കുനേരേ കൈ നീട്ടുന്നു എന്ന ചെറിയ വ്യത്യാസം മാത്രം.
ചരിത്രത്തിലുള്ള ആരെയെങ്കിലും തെണ്ടലിന്റെ അംബാസിഡർ എന്നു വിളിക്കാമെങ്കിൽ അത് ശ്രീബുദ്ധനെ ആയിരിക്കും. മറ്റു പ്രവാചകരെക്കാളും ഒട്ടും മാറ്റു കുറയാത്ത മഹാത്മാവ്. താൻ കഴിഞ്ഞുപോന്ന രാജകൊട്ടാരത്തിന്റെ സുഖഭോഗങ്ങളും സൗഭാഗ്യങ്ങളും കൈവെടിഞ്ഞ് ഒരു ഭിക്ഷു ആകുന്നതോടെയാണ് സിദ്ധാർത്ഥരാജകുമാരൻ ശ്രീബുദ്ധനായിത്തീരുന്നത്. സാധാരണ കാഴ്ചയിൽ ഇത്ര താഴോട്ടു പതിക്കുന്ന ജീവിതത്തിന്റെ ഗ്രാഫ് എവിടെ കാണും? സ്വാർത്ഥതകളും ഭോഗങ്ങളുംകൊണ്ട് അന്ധരായ ബോധമുണരാത്ത മനുഷ്യവംശത്തെയോർത്ത് അദ്ദേഹം ദുഃഖിച്ചു. വാസനകൾ അറ്റു ജന്മങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ആശകളിൽനിന്നും മുക്തിതേടി. വ്യാവഹാരിക സുഖ, ദുഃഖങ്ങളിൽനിന്നകന്നു. കർമ്മബന്ധത്തിന്റെ ഊരാക്കുരുക്കിൽ പെട്ടുപോകാതിരിക്കാൻ അതിൽനിന്നും ഊർന്നുപോന്ന് ജീവസന്ധാരണത്തിനായി മാത്രം ഭിക്ഷ യാചിച്ചു. ലോകത്തിനു മുഴുവൻ രക്ഷ കാണിച്ചു കൊടുത്തവന്, പകരം ലോകം കൊടുക്കേണ്ടത് ലേശം ഭിക്ഷാന്നം മാത്രം. ഇക്വേഷൻ തരക്കേടില്ല. ബുദ്ധഭിക്ഷുക്കൾ കൂട്ടത്തോടെ താമസിച്ചിരുന്ന വിഹാരങ്ങൾ ചില പ്രകൃതിചികിത്സകരുടെ വീടുപോലെ അടുക്കളകൾ ഇല്ലാത്തവയായിരുന്നുവത്രേ.
ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ ആത്മകഥയിൽ ഒരു ഓണക്കാലത്ത് കോളജ് ഹോസ്റ്റലിൽ ഒറ്റപ്പെട്ടു പോയതും ഒരൊറ്റ നയാപ്പൈസയും ഇല്ലാത്തതിനാൽ ഗത്യന്തരമില്ലാതെ എങ്ങോട്ടോ നടന്നുപോയി ഒരു ആഭിജാത്യവീട്ടിൽ കേറി ഭക്ഷണം യാചിച്ചതും വിവരിക്കുന്നു. ഈ വീട്ടിലെ പെൺകുട്ടി അദ്ദേഹത്തെ മുമ്പ് വലിയ കവികൾക്കൊപ്പം കവിയരങ്ങുകളിൽ കണ്ടിരുന്നതിനാൽ 'അയ്യോ ഇത് ബാലചന്ദ്രനല്ലേ' എന്നു ഞെട്ടുന്നു. കൃഷിയും സ്വത്തുമുള്ള വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നതായിരുന്നു അദ്ദേഹം.
