സ്വാതന്ത്ര്യം എന്ന ഓക്‌സിജൻ

Memoir

സ്വാതന്ത്ര്യം എന്ന ഓക്‌സിജൻ


നാസ്തികതയും ശാസ്ത്രപ്രചരണവുമൊക്കെ ഇന്നും കേരളത്തിലെ മതാധിഷ്ഠിത സമൂഹത്തിന്റെ പൊതുബോധത്തിന് എതിരായ കാര്യങ്ങൾതന്നെയാണ്. എന്നിലെ ശാസ്ത്രചിന്തകനും നാസ്തികനുമായ ആക്റ്റിവിസ്റ്റിന്റെ നിർമ്മാണഘടകങ്ങളെ കുറിച്ച് എഴുതാമോ എന്ന സന്ദേശം രണ്ടുമാസംമുമ്പാണ് പച്ചക്കുതിരയുടെ എഡിറ്റർ അയച്ചത്. നിർദ്ദേശം കൗതുകകരമായി തോന്നി. ബൗദ്ധികമായും വൈകാരികമായും അവിശ്വസനീയ വേഗത്തിൽ പിന്നാക്കം കുതിക്കുന്ന ഒരു ജനതയ്ക്ക് ശാസ്ത്രപ്രചാരണത്തിന്റെയും ഭൗതികവാദത്തിന്റെയും കറിക്കൂട്ടുകൾ രുചിച്ചറിയാൻ താത്പര്യമുണ്ടാകുമോ? മതേതരത്വം, ശാസ്ത്രം, സ്വതന്ത്രചിന്ത, മാനവികത എന്നൊക്കെ പറഞ്ഞാൽ ഭൂരിപക്ഷവും ക്ഷമിച്ചെന്നിരിക്കും. നിരീശ്വരവാദത്തിന്റെ (Atheism) കാര്യം അങ്ങനെയല്ല. അതിനെ നിഷിദ്ധമായി കാണാനുള്ള മതപരിശീലനം ലഭിച്ചവരാണ് മഹാഭൂരിപക്ഷവും--കൂടോത്രക്കാർ മുതൽ ഘോരവിപ്ലകാരികൾവരെ.

വിശ്വാസചരിത്രം പരിശോധിച്ചാൽ ഏഴാംക്ലാസ് മുതൽ അവിശ്വാസിയാണ്. എങ്കിലും മതവിമർശനമോ നാസ്തികതയോ പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. എല്ലാം ഓരോരോ തട്ടിപ്പുകൾ...പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല എന്ന നിലപാടായിരുന്നു. 2001-ലെ വേൾഡ് സെന്റർ ആക്രമണവും തുടർന്ന് ലോകമെമ്പാടും മതം നടത്തിയ സംഹാരപരമായ തിരിച്ചുവരവും നിസ്സംഗതയെ പിടിച്ചുലച്ചു. പുറത്തുവരാൻ പിന്നെയും വർഷങ്ങളെടുത്തു. 2009 ഒക്‌ടോബറിൽ റിച്ചാർഡ് ഡോക്കിൻസിന്റെ ദൈവവിഭ്രാന്തിയെ (The God delusion by Richard Dawkins) കുറിച്ചുള്ള വിമർശനപഠനം (നാസ്തികനായ ദൈവം) പ്രസിദ്ധീകരിക്കപ്പെട്ടു. നാസ്തികനായ ദൈവം ഒരു പുതിയ ദിശാസൂചകമായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ കോഴിക്കോട്ടെ സയൻസ് ട്രസ്റ്റ് അവരുടെ വാർഷികസമ്മേളനത്തിലേക്ക് ക്ഷണിച്ചു. നവനാസ്തികതയ്ക്ക് ലോകമെമ്പാടും സംഭവിക്കുന്ന ഉണർവിനെ കുറിച്ച് സംസാരിക്കണം. ഒഴിഞ്ഞുമാറാൻ ഏറെ ആലോചിക്കേണ്ടിവന്നില്ല. ഒന്നാമതായി, അത്തരമൊരു ആക്റ്റിവിസം ലക്ഷ്യമായിരുന്നില്ല. താത്പര്യം ഗ്രന്ഥരചന മാത്രമായിരുന്നു. ഒരു പ്രഭാഷണത്തിനായി കൊല്ലത്തുനിന്നും കോഴിക്കോട്ടുവരെ പോകണമെന്നതും ആകർഷകമായി തോന്നിയില്ല.

 റിച്ചാർഡ് ഡോക്കിൻസ്
റിച്ചാർഡ് ഡോക്കിൻസ്

Related Articles