ഒരോർമ്മച്ചെപ്പിലും  ഒതുങ്ങില്ലല്ലോ

Memoir

ഒരോർമ്മച്ചെപ്പിലും ഒതുങ്ങില്ലല്ലോ


ഓർമ്മകളുടെ വീണ്ടെടുപ്പിൽ എന്തൊക്കെ പിഴവുകൾ ഉണ്ടാകാമെന്നതിനെക്കുറിച്ച് മനഃശാസ്ത്രവും നാഡീശാസ്ത്രവും നൽകുന്ന പുതിയ വിവരങ്ങൾ ഭാഗികമായെങ്കിലും എന്റെ അറിവിന്റെ ഭാഗമാണിന്ന്.നാലര പതിറ്റാണ്ടിനും മുമ്പ് ,കൃത്യമായി പറഞ്ഞാൽ 1970 ആഗസ്ത് മാസത്തിൽ ധർമ്മടത്തെ ഗവ.ബ്രണ്ണൻ കോളജിൽ ഒന്നാം വർഷ ബി.എ മലയാളത്തിന് പ്രവേശനം ലഭിച്ചതിന്റെ രേഖകളുമായി പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് പുറത്തുകടന്നപ്പോൾ ഞാൻ അനുഭവിച്ചിരിക്കാവുന്ന ആഹ്ലാദവും ഒരുവേള അനേകമനേകം ആശങ്കകളും ഇന്നിപ്പോൾ ഓർത്തെടുക്കാനേ ആവുന്നില്ല.

ചരിത്രത്തിന്റെ ഭാരമില്ലാത്ത,ഗ്രാമജീവിതത്തിന്റെ സാരള്യവും സാധാരണത്വവും കാമ്പസ്സിലും അനുഭവിപ്പിച്ചിരുന്ന,ഏറ്റവും പുതിയ വിദ്യാർത്ഥിക്കുപോലും അപരിചിതത്വത്തിന്റെ അമ്പരപ്പ് അറിയേണ്ടി വരാതിരുന്ന,പയ്യന്നൂർ കോളജിൽ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് ഞാൻ ബ്രണ്ണനിലേക്ക് ഓടിപ്പിടിച്ചെത്തിയത് പ്രധാനമായും മുമ്പ് കൊച്ചിൻ യൂനിവേഴ്‌സിറ്റി രജിസ്ട്രാറും ഇപ്പോൾ സ്റ്റെയ്റ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.വി.കുഞ്ഞികൃഷ്ണന്റെ നിരന്തരമായ പ്രേരണകൊണ്ടാണ്.കുഞ്ഞികൃഷ്ണൻ അന്ന് ബ്രണ്ണനിലെ ചരിത്രവിഭാഗത്തിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു.ബ്രണ്ണൻ ഒരു വിദ്യാർത്ഥിക്ക് നൽകുന്ന അപാരമായ സ്വാതന്ത്ര്യത്തെക്കുറിച്ച്,മാനസിക വളർച്ചയെക്കുറിച്ച്,നർമരസം കവിഞ്ഞൊഴുകുന്ന ദൈനംദിന കോളജനുഭവങ്ങളെ ക്കുറിച്ച് കുഞ്ഞികൃഷ്ണൻ വല്ലാതെ വാചാലനാകുമായിരുന്നു.

കെ. വി കുഞ്ഞികൃഷ്ണൻ
കെ. വി കുഞ്ഞികൃഷ്ണൻ

Related Articles