ഓമനിക്കാനൊരു
ബാല്യമുണ്ടാവുകയെന്നാൽ
സ്വപ്നം കാണാൻ
ഒരു
ആകാശമുള്ളതിന് തുല്യമാണ്!
അന്നു രാത്രി എനിക്കുറക്കം വരുന്നില്ലായിരുന്നു. കട്ടപിടിച്ച ഇരുട്ടിലേയ്ക്ക് നോക്കിയങ്ങനെ കിടക്കുമ്പോൾ എളാമ്മ ഉറക്കത്തിലെന്തോ പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു.
ഉമ്മ രാവിലെ പോയതാണ് ഹോസ്പിറ്റലിലേക്ക്; പോകുമ്പോൾ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. അപ്പോൾ വീർത്തുന്തിയ വയറിലേക്കാണ് എൻ്റെ നോട്ടം ചെന്നത്. എനിക്ക് സങ്കടം വന്നു! വയറ്റിനുള്ളിൽ ഒരു കുട്ടി ഉണ്ടത്രെ, അപ്പൊ ഉമ്മാക്ക് നല്ലോണം വയ്യായ്കയുണ്ടാവുമെന്ന് ഉപ്പയാണ് തൻ്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു തന്നത്. "അപ്പൊ അതെങ്ങനെ പുറത്തുവരും, ഉമ്മാൻ്റെ വയറ് പൊട്ടൂലെ, ചോര വരൂലെ" എന്നിങ്ങനെയുള്ള ഒരുപാട് പേടികളുണ്ട് മനസ്സിൽ. തൻ്റെ കൂടെ സ്കൂളിൽ പഠിക്കുന്ന ആമിനൂൻ്റെ ഉമ്മ "ഓളെ പെറ്റപ്പളാണ് മരിച്ചത് " എന്ന് താഹിറ സ്വകാര്യം പറഞ്ഞ് തന്നിട്ടുണ്ട്. "പാവം ല്ലേ ഇമ്മല്യാത്ത കുട്ടി" എന്ന് ഞാൻ അവളെ നോക്കിയിരിക്കാറുണ്ട്. ഞാനും ഇമ്മല്യാത്ത കുട്ട്യാ വോ റബ്ബേ?
