കലാകാരിയുടെ സമൂഹം

Memoir

കലാകാരിയുടെ സമൂഹം


എൺപതുകളിലെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് കലാ, സാഹിത്യ രംഗങ്ങളിലും മറ്റു ബൗദ്ധിക മേഖലകളിലും പ്രാഗല്ഭ്യം

തെളിയിച്ച നിരവധി വിദ്യാർത്ഥികളുടെ സാന്നിധ്യത്താൽ സമ്പന്നമായിരുന്നു. കവിത, കഥ, നിരൂപണം, സിനിമ, സംഗീതം എന്നിങ്ങനെ സജീവമായിരുന്ന കലാ, സാഹിത്യ രംഗങ്ങൾ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മികവിനോടൊപ്പം ക്യാമ്പസ്സിന്റെ മുഖമുദ്രകളായി. കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ പലപ്പോഴും ഇംഗ്ലീഷും മലയാളവും ഉൾപ്പെടുന്ന സാഹിത്യ മത്സരങ്ങളിൽ പ്രഥമസ്ഥാനത്തു വന്നിരുന്നത് സി.ഇ.ടി ആയിരുന്നു. ഭരണങ്ങാനത്തു സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ട് മലയാളത്തിൽ കവിതയെഴുതിയിരുന്ന എനിക്ക് എഞ്ചിനീയറിംഗ് പഠിക്കാനായി തിരുവനന്തപുരത്തു വന്നത് വലിയൊരു യോഗവും നിയോഗവുമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും വിമൻസ് കോളേജിലും കവിതാ, സാഹിത്യരംഗങ്ങളിലും ഫിലിം സൊസൈറ്റികളിലും വളരെ സജീവമായിരുന്ന കുറെ വിദ്യാർത്ഥികളുടെ സുഹൃദ്‌വലയത്തിലേയ്ക്ക് ഞാൻ സ്വാഭാവികമായും ആകർഷിക്കപ്പെട്ടു. എഞ്ചിനീയറിംഗ് കോളേജിൽ ആദ്യവർഷം ഹോസ്റ്റൽ കിട്ടിയില്ലെന്നതിനാൽ അന്ന് ഐ.എസ്.ആർ.ഒയിലെ സിവിൽ നിർമ്മാണപദ്ധതിയിൽ പ്രൊജക്റ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അമ്മാവൻ ജോയിച്ചാച്ചന്റെ കൂടെ വട്ടിയൂർക്കാവിലാണ് താമസിച്ചിരുന്നത്. എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞു എഞ്ചിനീയറിംഗ് കോളേജിൽനിന്ന് കോളേജ് ബസ്സിൽ പാളയത്തു വന്നിറങ്ങി യൂണിവേഴ്‌സിറ്റി കോളേജിൽ ചെന്ന് അവിടെയേതെങ്കിലും കോണിലൊ തൊട്ടടുത്തുള്ള ലൈബ്രറി ക്യാന്റീനിലൊ ഒത്തു കൂടുന്ന സുഹൃത്തുക്കളുമായി - അൻവർ അലി, പി. കെ. രാജശേഖരൻ, വിനയൻ, വാൾട്ടർ, ശ്രീദേവി എസ്. കർത്ത, ആലീസ്, ജഗദീഷ് ബാബു - തിരുവനന്തപുരത്തു കറങ്ങുന്നതും അക്കാലത്തു ഒരു ദിനചര്യപോലെയായിരുന്നു. പ്രശസ്തരായ കവികൾ, കഥാകൃത്തുക്കൾ, നിരൂപകർ എന്നിവരൊക്കെ യൂണിവേഴ്‌സിറ്റി കോളേജ്, വിമൻസ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളുമായിരുന്ന എൺപതുകളിലെ തിരുവനന്തപുരം നിരവധി കലാ, സാഹിത്യവേദികളാൽ സജീവമായിരുന്ന നഗരമായിമാറി. പലപ്പോഴും യാദൃച്ഛികമായി, തീരെ ഔപചാരികതയില്ലാതെ നരേന്ദ്രപ്രസാദ്, വിനയചന്ദ്രൻ, കടമ്മനിട്ട, ഒ. എൻ. വി. കുറുപ്പ്, സുഗതകുമാരി, വിഷ്ണുനാരായണൻ നമ്പൂതിരി, എ. അയ്യപ്പൻ എന്നിവരെയൊക്കെ കണ്ടുമുട്ടി.

ലക്ഷ്യമില്ലാതെ അലഞ്ഞു നടന്നിരുന്ന ആ കാലത്തു നിന്നും നേടിയെടുത്ത ഏറ്റവും വലിയ സമ്പത്ത് ലോകസിനിമയെ അടുത്തറിഞ്ഞതാണ്. ഫിലിം സർക്കിൾ, ചലച്ചിത്ര, സൂര്യ തുടങ്ങി വലുതും ചെറുതുമായ നിരവധി ഫിലിം സൊസൈറ്റികൾ സജീവമായിരുന്ന അക്കാലത്തെ തിരുവനന്തപുരത്ത് ഓരോ ആഴ്ചയിലും കുറഞ്ഞത് ഒന്നോ രണ്ടോ ഫിലിം ക്ലാസ്സിക്കുകൾ കാണാനുള്ള സാഹചര്യമുണ്ടായിരുന്നു. 1984-ൽ മ്യൂസിയത്തുള്ള ഒരു ചെറിയ ഹാളിൽ 'ചലച്ചിത്ര' സംഘടിപ്പിച്ച ബെർഗ്മാൻ ഫെസ്റ്റിവൽ ആയിരുന്നു ലോകസിനിമയിലേക്കുള്ള എന്റെ ഗേറ്റ് വേ. അന്ന് അൻവർ അലിയുമായി ബെർഗ്മാൻ റെട്രോസ്‌പെക്റ്റീവിൽ ആദ്യം പ്രദർശിപ്പിച്ച cries and whispers കണ്ടതും സ്തബ്ധരായ കാണികൾ സിനിമ കഴിഞ്ഞു പ്രദർശനഹാളിൽ നിന്നും നിശ്ശബ്ദരായി ഇറങ്ങിപ്പോയതും ഇന്നും നന്നായോർക്കുന്നു.


Related Articles