ഇന്‍സോംനിയ

Memoir

ഇന്‍സോംനിയ


ഉറങ്ങാതിരിക്കാന്‍ പലപ്പോളും പല കാരണങ്ങളാണ്. മൂഡ് സ്വിങ്സും ടെന്‍ഷനും ഡിപ്രെഷനും ട്രോമകളും മാത്രമാവില്ലല്ലോ സന്തോഷങ്ങളും ഉറക്കത്തിന് തടസം നിക്കാറില്ലേ? കല്ല്യാണ രാവുകളും, സ്റ്റേജ് പരിപാടികളും, പൂരങ്ങളും, നേര്‍ച്ചകളും, പെരുന്നാള്‍ തലേന്നും എന്തൊക്കെ നിലാവാണ് ഉറക്കം കൊണ്ട് പോയത്. ഉറങ്ങാന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ അന്വേഷിച്ചിറങ്ങിയ പലരും ഉണ്ടാവും നമുക്കിടയില്‍. ആരോഗ്യകരമായ ഉറക്കം 8 മണിക്കൂറാണെന്നും അത് നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കല്‍ ആണെന്നും പണ്ടേ പറഞ്ഞു പഠിച്ചിട്ടുണ്ട്. ജോലിതിരക്കിലും കുടുംബ കാര്യങ്ങള്‍ നോക്കിയും പലപ്പോളും പലര്‍ക്കും സാധാരണ ഗതിയില്‍ സമയത്തിന് ഉറങ്ങാന്‍ കഴിയാറില്ല. പകലുറക്കം അനാരോഗ്യകരമായി പലപ്പോളും ചിത്രീകരിച്ചിട്ടുണ്ട്.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും മാനസീകവും ശാരീരികവുമായ വേദനകള്‍ക്കും സമയങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അടിമപ്പെട്ട് ഉറക്കം നഷ്ടപ്പെടുന്നവരുമുണ്ട്. ശാസ്ത്രീയമായി തെളിവുകളോടെ ഒരു വിഷയത്തെ കൈകാര്യം ചെയ്യാന്‍ അറിയാത്തതിനാലും, കടുകട്ടിയായ വാക്കുകള്‍ എഴുതി പിടിപ്പിക്കാനുള്ള കഴിവ് ഇല്ലാത്തതിനാലും ഗവേഷണമോ അന്വേഷണമോ ഇല്ലാതെ കാര്യത്തിലേക്ക് കടക്കാം. ഇന്നോളം ജീവിച്ച കാലത്തെ ചെറുപ്പം വലുപ്പം എന്ന് തരം തിരിച്ചാല്‍ അന്നത്തെ ഉറക്കമില്ലായ്മക്കും ഇന്നത്തെ ഉറക്കമില്ലായ്മക്കും ആനയും ഉറുമ്പും പോലെ വ്യത്യാസങ്ങളുണ്ട്.

ഓര്‍ത്തെടുക്കാന്‍ പാകത്തിന് ഉറക്കം നഷ്ടപ്പെടുന്ന രാത്രി പിറവിയെടുക്കുന്നത് അഞ്ചോ ആറോ വയസ്സിലാണ്. വൈകുന്നേരം പണികഴിഞ്ഞു വരുന്ന ഉപ്പയുടെ സൈക്കിള്‍ ക്യാരിയറില്‍ സ്ഥാനം പിടിച്ച ബേക്കറിപ്പൊതിയാണ് വില്ലന്‍. രാവിലെ 'കട്ടന്‍ചായയും കടിയും' എന്ന പരിപാടിയിലേക്ക് മാറ്റിവെച്ച സാധനം. നേരത്തെ എഴുന്നേറ്റ് മദ്രസയില്‍ പോകാന്‍ റെഡി ആയവര്‍ക്ക് മാത്രം അര്‍ഹതപ്പെട്ടത്. ഇഷ്ടപ്പെട്ട പലഹാരം ആണെങ്കില്‍ അത് കയ്യില്‍ കിട്ടുന്നത് കിനാവ് കണ്ട് പായയില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം കിട്ടാതിരുന്ന രാത്രികള്‍. അവിടെയാണ് തുടക്കം. പിന്നെ അങ്ങോട്ട് എഴുതി ഫലിപ്പിക്കാന്‍ പറ്റാത്ത അത്രയും പല കാരണങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്.


Related Articles