കോഴിക്കോട്ട് ജോലിചെയ്തിരുന്ന കാലത്ത് കെ.ടി.മുഹമ്മദിനെ മിക്കപ്പോഴും കാണുമായിരുന്നു. തൊഴിൽപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ആദ്യം ചെന്നുകാണുന്നത്. അതൊരു ഗാഢസൗഹൃദമായി വളരുമെന്നു വിചാരിച്ചതല്ല.
കോഴിക്കോട്ടെ വീട്ടിൽ സഹോദരിയോടൊപ്പമായിരുന്നു കെ.ടിയുടെ താമസം. വീട്ടിലേക്കു ചെല്ലുന്ന വേളയിൽ കെ.ടിയുടെ ഇഷ്ടപാനീയമായ വോഡ്ക കരുതും.
മുഹമ്മദ്ക്ക എന്നാണ് ശീലം വെച്ച് വിളിച്ചുതുടങ്ങിയത്. കെ.ടി. തിരുത്തിത്തന്നു, കെ.ടി.എന്നു വിളിച്ചാൽ മതി. ആദ്യമൊക്കെ നാവുവഴങ്ങിയില്ല, പിന്നെപ്പിന്നെ വഴങ്ങി. മതമോ ദൈവമോ വലിപ്പച്ചെറുപ്പമോ ഇല്ലാത്ത ഒരു വലിയ മനുഷ്യനെ ഉപചാരം ചൊല്ലി വിളിക്കേണ്ട കാര്യമില്ലല്ലോ.
സംഭാഷണപ്രിയനാണ് കെ.ടി. എന്റെയും സുഹൃത്തുക്കളുടെയും നിർബന്ധത്താൽ ആത്മകഥ കെ.ടി. തുടങ്ങിവച്ചിരുന്നുവെങ്കിലും മുഴുമിച്ചില്ല. തന്റെ ജീവിതത്തെക്കുറിച്ച് കെ.ടിക്ക് കൃത്യമായ ധാരണകൾ ഉണ്ടായിരുന്നു. ആത്മകഥ, തന്നെത്തന്നെ 'ഊതിവീർപ്പിക്കുന്ന' ഏർപ്പാടാണെന്ന് കെ.ടിക്കു തോന്നിക്കാണണം.
