മനുഷ്യമനസ്സിന്റെ അബോധം എന്ന ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഫ്രോയിഡിനെ സഹായിച്ചത് സ്വപ്നങ്ങളാണ്. അദ്ദേഹം പഠനവിഷയമാക്കിയതിലേറെയും തന്റെയടുക്കൽ ചികിത്സക്കെത്തിയ മനോരോഗികളുടെ സ്വപ്നങ്ങളായിരുന്നു. മനോരോഗങ്ങളുടെ മൂലകാരണത്തിലെത്തുന്നതിനുള്ള മാർഗ്ഗമായിരുന്നു അദ്ദേഹത്തിന് സ്വപ്നാപഗ്രഥനം. എല്ലാ സ്വപ്നങ്ങളും അഭിലാഷപൂരണമാണു നിർവ്വഹിക്കുന്നതെന്ന സിദ്ധാന്തവും അദ്ദേഹം മുന്നോട്ടു വച്ചു.
ഫ്രോയിഡിന്റെ ഫ്രീ അസോസിയേഷൻ എന്ന സങ്കേതത്തിലൂടെ ഒരു വർത്തമാനസ്വപ്നത്തിൽ തുടങ്ങി 1978-ൽ കണ്ട രണ്ടു സ്വപ്നങ്ങളും 1970-ൽ കണ്ട ഒരു സ്വപ്നവും സ്വയം അപഗ്രഥിക്കുകയും പുതിയ ചില കണ്ടെത്തലുകളവതരിപ്പിക്കുകയും ചെയ്യുകയാണ് ഈ ലേഖനത്തിൽ.
സ്വപ്നം 1
2016 മാർച്ച് 3 രാത്രി. വിശാലമായ ഒരു ഫുട്‌ബോൾ കോർട്ടിനു വെളിയിൽ ഞാൻ കളി കണ്ടുകൊണ്ടിരിക്കുന്നു. മുന്നിൽ പണ്ടെന്റെ സഹപ്രവർത്തകയായിരുന്ന ജൂലിയെന്ന ചെറുപ്പക്കാരിയുമുണ്ട്. കളി കഴിഞ്ഞിറങ്ങിയപ്പോൾ ഞാനവളെ എന്റെ റൂമിലേക്കു ക്ഷണിച്ചു. 'വല്ലവരും സംശയിക്കും' എന്നു പറഞ്ഞ് അവൾ നടന്നകന്നു.
