കേശുവേട്ടന്റെ സേമിയ പായസം

Memoir

കേശുവേട്ടന്റെ സേമിയ പായസം


ചിറ്റയുടെ ചൂലിന്റെ മുദ്രകള്‍ മുറ്റത്തു നെടുകയും കുറുകയും വരഞ്ഞു പതിയുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അറിയാം, അകലെ നിന്നും തലപ്പാവ് കെട്ടിയ, കുറുകിയ കുടവയറുള്ള കഷണ്ടിക്കാരന്‍ കേശുവേട്ടന്‍, തീ പുകയുന്ന പൊടിയടുപ്പില്‍ കടുപ്പിച്ച കലം നിറയെ നല്ല രുചിയേറും സേമിയ പായസവുമായി വരാന്‍ സമയം ആയെന്ന്.

ഉച്ചതിരിഞ്ഞാല്‍ ഗ്രാമവീഥിയിലെ സ്ഥിരം കാല്‍നട യാത്രക്കാരനാണ് കേശുവേട്ടന്‍. ആ ഗ്രാമത്തിലെ പൂവിനും പുല്ലിനും വരെ പരിചയക്കാരന്‍. പതിയെ പതിയെ നടന്നു വരുന്ന കേശുവേട്ടന്‍ ഞങ്ങള്‍ കുട്ടികള്‍ക്കെന്നും ഒരു കൗതുകമായിരുന്നു. ഒരു കൈയില്‍ പൊടിയടുപ്പ് കടുപ്പിച്ചു കലവും (സേമിയ പായസം) മറു കൈയില്‍ വെള്ളം നിറച്ച തൂക്കുപാത്രത്തില്‍ നിറയെ കുപ്പിഗ്ലാസ്സുകളുമായി കേശുവേട്ടന്‍ അങ്ങനെ നില്ക്കും. ഞങ്ങള്‍ കുട്ടികള്‍ക്ക് പായസം വേണമെന്ന് പറയുമ്പോള്‍ മാത്രമാണ് കേശുവേട്ടന്‍ പായസപാത്രം നിലത്തു വയ്ക്കൂ.

പാത്രം നിലത്തു വച്ചാല്‍ കേശുവേട്ടന്‍ കുത്തിയൊരു ഇരിപ്പാണ്. പിന്നെ പൊടിയടുപ്പില്‍ തീ ഊതാന്‍ തുടങ്ങും. ഞങ്ങള്‍ കുട്ടികള്‍ ചുറ്റുംകൂടി നിന്ന് അമ്പത് പൈസയ്ക്കും ഒരു രൂപക്കും പായസം വാങ്ങും. ചിലപ്പോഴൊക്കെ മുത്തശ്ശിമാരും ഗ്രാമത്തിലെ ചെറുപ്പകാരികളായ അമ്മമാരുമൊക്കെ കാണും. കേശുവേട്ടന്റെ രുചികരമായ സേമിയ പായസം ഞങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും ആസ്വദിച്ചു കുടിക്കും. കാലങ്ങള്‍ ഒരുപാടു കഴിഞ്ഞു പോയെങ്കിലും അന്ന് കുടിച്ച കേശുവേട്ടന്റെ സേമിയ പായസത്തിന്റെ ആ സ്വാദ്, പിന്നീട് ഒരിക്കലും ഒരിടത്തു നിന്നും കിട്ടിയിട്ടില്ല.


Related Articles