'ബിര്‍ളയുടെ നാറ്റം'; നാട്ടുകാര്‍ സമരത്തിലൂടെ തിരിച്ചുപിടിച്ച ചാലിയാര്‍

Memoir

'ബിര്‍ളയുടെ നാറ്റം'; നാട്ടുകാര്‍ സമരത്തിലൂടെ തിരിച്ചുപിടിച്ച ചാലിയാര്‍


ന്റെ കഥയെഴുത്തിന് നാലു ദശകം പ്രായംമാത്രമേയുള്ളൂ. ശരാശരി വര്‍ഷത്തില്‍ ഒരു കഥമാത്രം എഴുതുന്നതാണ് പതിവ്. ഇതുവരെ മുപ്പത്തഞ്ച് കഥകള്‍മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളൂ. ഒരു കഥ പൂര്‍ത്തിയാക്കാന്‍ നന്നേ വിഷമിക്കുന്നുണ്ട്. നാലു സമാഹാരങ്ങളേ ഇതുവരെയായി പേരില്‍ ഉള്ളൂ. രണ്ടു വര്‍ഷം മുമ്പാണ് ഡി സി ബുക്സ് കഥാസമാഹാരമായ ‘കിതാബ്മഹല്‍' പ്രസിദ്ധീകരിച്ചത്. 1997-ല്‍ മലയാളമനോരമയുടെ 'മാമ്മന്‍ മാപ്പിള' അവാര്‍ഡ് നേടിയ 'മഹല്ല്' എന്ന നോവല്‍ ഇനിയും പുസ്തകമായിട്ടില്ല. 'പൊസങ്കടി ഒരു അന്വേഷണറിപ്പോര്‍ട്ട്' എന്ന നോവല്‍ 2007-ല്‍ എഴുതിയതാണ്. കാസര്‍കോട് ഉദുമയാണ് എന്റെ സ്വദേശമെങ്കിലും എന്റെ പ്രിയതമ സാഹിറയും മകന്‍ ഈസയും അരീക്കോടായിരുന്നു താമസം. അരീക്കോട് താമസിച്ചുകൊണ്ടാണ് കേരളത്തിലെ ആറു കോളേജുകളില്‍ പോയി ഞാന്‍ കുട്ടികളെ പഠിപ്പിച്ചത്. അരീക്കോട് എം ഇ എ എസ് എസ് കോളേജില്‍ എന്റെ സാഹിക്ക് ഇംഗ്ലിഷ് ലക്ചററായി നിയമനം കിട്ടിയപ്പോള്‍ തൊട്ടടുത്തുള്ള സർ‍ക്കാര്‍ കോളേജുകളിലേക്ക്‌ ട്രാൻ‍സ്ഫര്‍ വാങ്ങിക്കൊണ്ട് ഞങ്ങള്‍ ജീവിതം ആരംഭിച്ചു.

അരീക്കോട് പെരുമ്പറമ്പില്‍ ഞങ്ങള്‍ താമസിച്ചു. അവിടെ വൈകുന്നേരം പതിവായി ഒരു ദുർഗന്ധം ഉയരും. ചാലിയാറിലെ ബിർളയുടെ ഗ്വാളിയര്‍ റയോണ്‍സ് ഫാക്ടറിയുടെ പുകക്കുഴലുകളിൽ നിന്നുയരുന്ന രാസവിഷമടങ്ങിയ പുകയാണ് ഞങ്ങളെ വിഷമിപ്പിച്ചത്. ‘ബിര്‍ളയുടെ നാറ്റം’ എന്നാണ് ആ നാട്ടുകാര്‍ പറഞ്ഞിരുന്നത്. കേവലം രണ്ടു വയസ്സായ മകന്‍ ഈസയ്ക്കും സാഹിറയ്ക്കും എനിക്കും അത് സഹിക്കാനായിരുന്നില്ല. 1987-ല്‍ ചാലിയാര്‍ സമരകാലത്താണ് ഞങ്ങളവിടെ എത്തപ്പെട്ടത്. 1998-ല്‍ സമരം മൂലം ഫാക്ടറി അടച്ചുപൂട്ടി. ആ വര്‍ഷംതന്നെ സമരം നയിച്ച കെ. എ. റഹ്‌മാനും കാന്‍സര്‍മൂലം മരണപ്പെട്ടു. എന്റെ മകന്‍ ഈസ ഏഴാം ക്ലാസ് പാസായി ഹൈസ്‌കൂള്‍ ക്ലാസ്സെത്തിയപ്പോള്‍ 2006 ആയി. അപ്പോഴാണ് എന്റെ ഹോംസ്റ്റേഷനായ കാസര്‍കോട് കോളേജിലേക്കു ട്രാന്‍സ്ഫര്‍ കിട്ടിയത്. പിരിയാന്‍ ഒരു വര്‍ഷമേയുള്ളൂ. എന്റെ അവകാശമായിരുന്നു അത്. 2007 മേയ്-ജൂണ്‍ കാലത്ത് വാഴക്കാട്ടെ ഒരു സ്‌കൂളിലാണ് എന്റെ മകന് അഡ്മിഷന്‍ടെസ്റ്റ് കഴിഞ്ഞ് പ്രവേശനം കിട്ടിയത്. അതിന്റെ തൊട്ടടുത്താണ് ചാലിയാര്‍ സമരം നടന്ന മണന്തലക്കടവ്. അവിടെയാണ് ഞങ്ങള്‍ക്കു താമസിക്കാന്‍ വീടുകിട്ടിയത്. വാഴക്കാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്ന മകന്‍ ഈസ പത്താം ക്ലാസ് വരെ അവിടെയാണ് പഠിച്ചത്. മകന്‍ സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്കു വരുമ്പോഴേക്കും ചോറും കറിയുമുണ്ടാക്കി ഞങ്ങള്‍ കാത്തിരിക്കും. വായിക്കാനും എഴുതാനും ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. അരീക്കോട് എന്ന ഉയർന്ന മേടില്‍ നിന്ന് നിറയെ വാഴത്തോപ്പുകള്‍ നിറഞ്ഞ വാഴക്കാടിന്റെ തണുപ്പും ആര്‍ദ്രതയുമുള്ള ഭൂമിശാസ്ത്രം വല്ലാത്തൊരു ശീതളിമ ഞങ്ങള്‍ക്കു തന്നു.


Related Articles