പൂത്തുനില്‍ക്കുന്ന കൈതകളുടെ രാത്രിഗന്ധം ശരിക്കും അറിയണമെങ്കില്‍ പഞ്ചാരമണലുള്ള നാട്ടിടവഴികളിലൂടെ നേരിയ നിലാവില്‍ നടക്കണം. വര്‍ഷങ്ങള്‍ക്കുമുമ്പ്, മുസിരിസ് എന്ന ഓമനപ്പേരുകൂടി വഹിച്ചിരുന്ന കൊടുങ്ങല്ലൂരിലെ പറമ്പിക്കുളം എന്ന ക്ഷേത്രത്തിലെ രാത്രികാല കഥകളി കാണുവാന്‍ അമ്മൂമ്മയുടെ പിറകേ പത്താംക്ലാസുകാരനായ എന്റെ കൗമാരം അഞ്ചപ്പാലമെന്ന ഗ്രാമത്തിലെ വീട്ടില്‍ നിന്ന് അങ്ങനെ നടന്നുകൊണ്ടിരുന്നു. നളചരിതമായിരുന്നു കഥ. പാമ്പുകളില്‍ നിന്ന് വഴിമാറാന്‍ അമ്മൂമ്മ കത്തിച്ച ചൂട്ടുകറ്റവെട്ടം കൈതമുള്ളുകള്‍ തെറിച്ചുനില്‍ക്കുന്ന വഴിയിലൂടെ റ റ റ റ എന്ന തീവര വരച്ചുകൊണ്ട് മുന്നേ പാറിനടന്നു. പിറകേ അസംഖ്യം മിന്നാമിനുങ്ങുകളുടെ താലപ്പൊലികളുടെയും മണലില്‍ വീണ് ചാരമാകുംമുമ്പുള്ള തീപ്പൊരികളുടെ വൈഢൂര്യശോഭകളുടെയും അകമ്പടികളോടെ ഞാനും.
കൈതോലകള്‍ക്കിടയില്‍ നിന്ന് പൂവിടലിന്റെ ഗന്ധം പ്രസരിക്കാന്‍ തുടങ്ങി. ക്ലാസില്‍ അതേ ഗന്ധവുമായി വന്നിരുന്ന അവളെ ഞാനോര്‍ത്തു. വലിയ കണ്ണുകളുള്ളവള്‍. നടി ശ്രീവിദ്യയുടേത് പോലെ.
'ശ്രീവിദ്യ നടിക്കുന്ന
സിനിമകള്‍ കാണുമ്പോള്‍
സങ്കല്പഭാര്യാമുഖം
ദീപ്തമാകുന്നു'- എന്ന് പില്‍ക്കാലത്ത് ഞാനൊരു കവിതയില്‍ എഴുതിയത് ലിജി എന്ന ആ പെണ്‍കുട്ടിയെ ഓര്‍ത്തായിരുന്നുവോ?
ഈ കൈതക്കാടുകള്‍ക്കും അതിരിലെ പാലമരങ്ങള്‍ക്കുമിടയിലെ നിരനിരയായുള്ള വീടുകളിലൊന്നിലാവണം ലിജി. ഇന്നത്തെ നളകളി കാണുവാന്‍ അവള്‍ വരുമോ. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം മലയാളമാക്കിയ ശൃംഗപുരത്തെ കോവിലകത്തിന്റെ എതിര്‍വശത്തുള്ള വലിയ ട്യൂഷന്‍ സെന്ററിലെ ക്ലാസില്‍ അവള്‍ വരുമ്പോളൊക്കെ ഞാനാ പൂക്കൈതകളുടെ സുഖന്ധവിസ്താരം അറിഞ്ഞിരുന്നു. അങ്ങനെയാണ് അവളിലേക്ക് കണ്ണുംനട്ടിരിക്കാനും ആ നോട്ടക്കൊളുത്തില്‍ അവളും മിന്നല്‍ പോലെ ഉടക്കാനും തുടങ്ങിയത്.
