1997. ഞാൻ പത്രപ്രവർത്തകയായിരുന്ന കാലം. മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ, കെ. പത്മനാഭൻ നായർ, എന്നെ ഒരു പംക്തി എഴുതാൻ ഏൽപ്പിക്കുന്നു. 'പാദമുദ്രകൾ’. പ്രശസ്തരുടെ ഭാര്യമാരുടെ ഓർമകളാണു സമാഹരിക്കേണ്ടത്. 'പാദമുദ്രകൾ'ക്കുവേണ്ടിയാണു ഞാൻ പൊന്നമ്മ ഡിസിയെ ആദ്യമായി കണ്ടതും സംസാരിച്ചതും. ദേവലോകം അരമനയുടെ നേരെ എതിർവശത്തുള്ള ഡിസി കിഴക്കെമുറിയുടെ വീട്ടിൽ പോയതും അന്നാണ്. കണ്ടതും ആൾ എന്റെ ഹൃദയം കവർന്നു. 'Elegance’ എന്ന വാക്കിന്റെ പ്രതീകമായി, നരച്ച മുടിയും വെള്ളിക്കണ്ണടയും പൂക്കൾ ചിതറിയ വെള്ള സാരിയും. കൊച്ചരിപ്പല്ലുകളും ഭംഗിയുള്ള ചിരിയും. കണ്ണുകളിൽ സ്വച്ഛതയും വാക്കുകളിൽ സ്വാഭിമാനത്തിന്റെ ദാർഢ്യവും. പ്രശസ്തനായ ഭർത്താവിന്റെ വീട്ടുകാര്യങ്ങളുടെ ചുമതല മാത്രം വഹിക്കുന്ന ഭാര്യയായി പൊന്നമ്മ ഡിസിയെ ഞാൻ സങ്കൽപ്പിച്ചതു തെറ്റി. ഡിസി ബുക്സിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന മാനേജർകൂടിയായിരുന്നു പൊന്നമ്മ ഡിസി.
മാഡം എന്നു വിളിച്ചാണു ഞാൻ ഇന്റർവ്യൂ തുടങ്ങിയതെങ്കിലും പിന്നീട് അമ്മ എന്നായി സംബോധന. ഭർത്താവിനെ കുറിച്ചു പറയുമ്പോഴൊക്കെ കണ്ണിൽ സ്നേഹവും ആരാധനയും ചുണ്ടിൽ ഭംഗിയുള്ള ചിരിയും തിളങ്ങി. ടി. രാമലിംഗം പിള്ളയുടെ ഡിക്ഷണറി വാങ്ങാൻ പോയ കഥ വിശദമായി പറഞ്ഞു. എങ്കിലും പെണ്ണുകാണാൻ പോകില്ലെന്ന ഡിസിയുടെ ശാഠ്യം കാരണം ചെറുക്കനെ കാണാൻ കോട്ടയത്തേക്കു വന്ന കഥയാണ് എനിക്കു പിടിച്ചത്.
ലേഖനം അച്ചടിച്ചു വന്നത് 1997 ഒക്ടോബറിലാണ്. എന്റെ മകൾ ജനിച്ചതിന്റെ അടുത്ത മാസം. പൊന്നമ്മ അമ്മ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു. ഡ്രൈവറുടെ കയ്യിൽ മാമ്പഴമോ സ്നാക്ക്സോ മറ്റോ കൊടുത്തുവിടുകയും ചെയ്തു. മെറ്റേണിറ്റി ലീവ് കഴിഞ്ഞ് ഞാൻ ഡ്യൂട്ടിയിൽ തിരികെച്ചേർന്നു മാസങ്ങൾക്കുള്ളിലായിരുന്നു ഡിസി കിഴക്കേമുറിയുടെ നിര്യാണം. പിന്നീടു ഞാൻ പൊന്നമ്മ ഡിസിയെ കണ്ടതു ഡിസി ബുക്സിന്റെ രജതജൂബിലി വേളയിലാണ് എന്നാണോർമ്മ. മലയാള സാഹിത്യത്തിലെ എല്ലാ പ്രതിഭകളും ഒത്തുചേർന്ന ആ സമ്മേളനത്തിൽ ഞാൻ പങ്കെടുത്തിരുന്നു, എഴുത്തുകാരെ നേരിൽക്കേൾക്കാനും ഞാൻ ആരാധിച്ചിരുന്ന ചന്ദ്രലേഖയുടെ നൃത്തം നേരിൽക്കാണാനും.
