രാവ് മുറ്റത്തേക്കിറങ്ങിവരാൻ തുടങ്ങിയിരുന്നു. ചിണുങ്ങിക്കരച്ചിൽ പോലെ ചാറ്റൽമഴയും. എന്നിട്ടും, കാത്തിരിപ്പിന്റെ ഗോലികൾ മനസ്സിലുരുണ്ടുരുണ്ട് അവർ ഉമ്മറപ്പടിയിലിരുന്നു. അവരെന്നാൽ റിഹാനും സമാനും, എന്റെ പ്രിയപ്പെട്ട സഹോദരപുത്രർ.
അവരുടെ ഉപ്പയിന്നൊരു കോഴിയെ കൊണ്ടുവരും. ഇന്നും ഇനിയെന്നും അവരതിന് തീറ്റ കൊടുക്കും. മാർദ്ദവമേറെയെങ്കിലും ഇടക്ക് പരുക്കൻ ഞരമ്പുകളെഴുന്നുനിൽക്കുന്ന ഉമ്മാമയുടെ കൈത്തലംപോലെ മിനുസമാർന്നതെങ്കിലും ഒത്ത നടുക്കൊരു നീളൻ സ്ട്രോ തടയുന്ന തൂവലുകളിൽ അവർ ഇടക്കിടക്ക് തൊട്ടുനോക്കും. മേലേപള്ളിയിൽ നിന്ന് മഗ്രിബ് ബാങ്കുയരുമ്പോൾ അവരതിനെ കൂട്ടിലേക്കോടിക്കും.
കനത്തൊരു ചിറകടിയൊച്ച ഉപ്പയുടെ കയ്യിലുള്ള കട്ടിക്കടലാസുപെട്ടിയിൽ പടികയറിവരുന്നതറിഞ്ഞ് അവരുടെ ഹൃദയം ത്രസിച്ചു. കുഞ്ഞിക്കണ്ണുകളുടെ സുതാര്യതയിൽ ആനന്ദം തിളങ്ങി.
****** ****** ******
