ഞങ്ങളുടെ പൗരത്വരേഖകൾ

Memoir

ഞങ്ങളുടെ പൗരത്വരേഖകൾ


ണ്ട് വായിച്ചതും ഇപ്പോഴും മനസ്സിൽ ഉറഞ്ഞുകിടക്കുന്നതുമായ ചില രചനകളിലൂടെ കടന്നുപോകാനിടയായ ദിവസങ്ങളിലാണ് കവി പി എ നാസിമുദ്ദീന്റെ 'കല്ല്' എന്ന കവിതയിലേക്കു വീണ്ടുമെത്തുന്നത്. പട്ടണത്തിൽനിന്ന് മടങ്ങുമ്പോൾ വായിക്കാൻ മാസിക തേടി കിട്ടാഞ്ഞ് കവി ഒരു കല്ലെടുത്ത് കീശയിലിടുന്നു. വീടണഞ്ഞതിനുശേഷം ഇരുളിൽ അയാളാ കല്ലെടുത്തത് നിവർത്തി വായിക്കാനാരംഭിക്കുന്നു. അടയാളപ്പെടുത്താൻ പറ്റാത്ത ഏതോ കാലത്തു നിന്ന് വലിച്ചെറിയപ്പെട്ട പരുപരുക്കനായ ആ കല്ലിനെക്കുറിച്ച് കവി പറയുന്നതിങ്ങനെ:
''ഞാനതിനെ തൊട്ട
ആദ്യവിനാഴിക
മുമ്പേ പോയ
പാദങ്ങളിലെ ഇളംചൂട്
വിരൽത്തുമ്പിലൂടെ
മുകളിലേയ്ക്ക് പാഞ്ഞു
ഇരുട്ടും വെളിച്ചവും
കുടിച്ചുകുടിച്ചുമടുത്ത
ആ കൊച്ചുകല്ല്
എന്നെ എവിടെയൊക്കെയോ
നയിച്ചു.''

കുറച്ചുമുമ്പേ, കൗമാരത്തിന്റെ അവസാനപടികളിലെവിടെയോ വച്ച് എന്നെ അലോസരപ്പെടുത്തിയതാണ് ഈ കവിത. ഇപ്പോൾ വീണ്ടും ചില രാത്രികളിൽ കാവിൽ നിന്നു മടങ്ങുമ്പോൾ കവി വായിച്ചതുപോലെ കീശയിൽനിന്നും ഞാനാ കല്ലെടുത്ത് വായിക്കാറുണ്ട്. സത്യത്തിൽ ഒരു കൊടുങ്ങല്ലൂർക്കാരന് വളരെ നന്നായി മനസ്സിലാവുന്നതും, എന്നാൽ കൊടുങ്ങല്ലൂർക്കാരനുമാത്രം എഴുതാൻ കഴിയുന്നതുമാണാ കവിതയെന്നു തോന്നാറുണ്ട്.

കാവിൽ നിൽക്കുമ്പോൾ തമിഴ് രാജാക്കന്മാരിലാരോ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നതെനിക്കു കാണാം. കണ്ണകിയുടെ പേരിൽ 'ചേരൻ ചെങ്കുട്ടുവൻ' ഉണ്ടാക്കിയെന്നു പറയപ്പെടുന്ന ശ്രീകുരുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഹിമാലയത്തിൽനിന്ന് അദ്ദേഹംതന്നെ കൊണ്ടുവന്ന കല്ലായി ഇതിനെയറിയാം. ഇവിടെയുണ്ടായിരുന്ന തുറമുഖത്തിന്റെ തുറവിയിലൂടെ വന്ന വണിക്കുകളെയും അവരുടെ കയ്യിലുണ്ടായിരുന്ന നാനാജാതി ഭാഷകളെയും, അവർ കൊടുത്തതിനെയും വാങ്ങിയതിനെയും അവർ നാട്ടിയ പെരുമകളെയും കാണാം. ഇവിടത്തെ ആൽത്തറയിലിപ്പോഴും ജാതിയെക്കുറിച്ചും അതിന്റെ കുരുടൻ കണ്ണുകളെക്കുറിച്ചും ആശങ്കപ്പെട്ട വിവേകാനന്ദന്റെ നിഴലുണ്ട്. ജോൺ വൈദ്യരും ഗോപാലകൃഷ്ണമേനോനും പി ഭാസ്‌കരനുമെല്ലാം ഈ വഴിയിലൂടെയാണു നടന്നുപോയത്. പണ്ടെങ്ങോ വെള്ളപ്പൊക്കത്തിൽ നശിച്ച തുറമുഖത്തിൽനിന്ന് മടങ്ങിപ്പോയ അവസാനത്തെ പത്തേമാരിയിൽനിന്ന് തുഴക്കാരുടെയോ പുരാതനനായ ഒരു നാവികന്റെയോ ഒച്ച വീട്ടിലേക്കുള്ള രാത്രിവണ്ടിയിലിരിക്കുമ്പോൾ എനിക്കിപ്പോഴും കേൾക്കാം.


Related Articles