എൻജിൻ തകരാറിലായ വിമാനത്തിൽ, അത് അറിഞ്ഞുകൊണ്ട് നിങ്ങൾ എന്നെങ്കിലും കടലിനു മുകളിലൂടെ പറന്നിട്ടുണ്ടോ? ഒരിക്കൽ ഞാനത് ചെയ്തിട്ടുണ്ട്. അതും 65 വർഷം മുമ്പ് കന്നി വിമാനയാത്രയിൽ.
ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയിൽ ഒന്നര വർഷം കഴിച്ചുകൂട്ടാമെന്ന മനസ്സുമായി യാത്ര തിരിച്ചതായിരുന്നു ഞാൻ. ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് രമൺ മാഗ്സസെയുടെ പേരിൽ യുഎസ് ഏർപ്പെടുത്തിയ വിദ്യാർഥി കൈമാറ്റ പദ്ധതിയുടെ ഭാഗമായിട്ടാണ് യാത്ര. ഒരു വിമാനദുരന്തത്തിലായിരുന്നു മാഗ്സസെ മരിച്ചതെന്നത് യാദൃച്ഛികം. മദ്രാസിൽനിന്ന് സിംഗപ്പൂരിലേക്ക് എയർ ഇന്ത്യ വിമാനത്തിലാണ് യാത്ര. അവിടെനിന്ന് സായ്ഗോൺ വഴി മനിലയിലേക്ക് Pan Am വിമാനത്തിലും. സിംഗപ്പൂരിൽ സുഹൃത്തുക്കൾക്കൊപ്പം കുറച്ചുനാൾ കഴിയാമെന്ന് വെച്ചായിരുന്നു ഈ റൂട്ട് തിരഞ്ഞെടുത്തത്.
ഇന്ത്യൻ സർക്കാർ എനിക്ക് നറുക്കു നൽകിയ സ്കോളർഷിപ്പിനായി "ഹിന്ദു''വിലെ ജോലി ഞാൻ രാജിവെച്ചു. രാത്രി 11.30-ഓടെ മദ്രാസിൽനിന്ന് വിമാനം പറന്നുയർന്ന് പുലർച്ചെ സിംഗപ്പൂരിൽ ഇറങ്ങുംവിധമാണ് ഷെഡ്യൂൾ. "ഹിന്ദു''വിലെ നിരവധിപേർ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തി.
