1980-കളുടെ ആദ്യം. ഉത്തരാധുനികം എന്ന് പറയാവുന്ന പശ്ചാത്തലത്തിൽ പഴയ ചിന്തകരെ പുനഃപരിശോധിക്കുകയും പുതിയ ചിന്തകരെ അവതരിപ്പിക്കുകയും ചെയ്യുന്നൊരു പ്രഭാഷണപരമ്പര തൃശൂരിൽ നടന്നു. പ്രഭാഷകരുടെ കൂട്ടത്തിൽ ഡോ. എം. ഗംഗാധരനുമുണ്ട്. അദ്ദേഹം പുനഃപരിശോധിച്ചത് ഗാന്ധിജിയെ. ാ്യ ലഃുലൃശാലിെേ ംശവേ ൃtuവേ നെ 'എന്റെ സത്യാന്വേഷണ പരീക്ഷകൾ' എന്ന് വിവർത്തനം ചെയ്യുകയും 'സത്യാന്വേഷണ പരൂക്ഷകൾ' എന്ന് പരിഹസിക്കുകയും ചെയ്ത ഭാഷയാണ് മലയാളം. ഒരു കാലത്തും ഗാന്ധിജിയെ മലയാളികളാരെങ്കിലും താത്ത്വികമായി ഗൗരവമായെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. ആ ലളിതജീവിതവും ത്യാഗമാതൃകയും ആകർഷിച്ചിട്ടുണ്ടെങ്കിലും പൊതുവെ ഗാന്ധിയോട് നാം അലസരായിരുന്നു. ജനകീയ സാംസ്‌കാരിക വേദിയിലുണ്ടായിരുന്ന ഞാൻ എഴുപതുകളിൽ അവതരിപ്പിച്ച ഒരു ലഘുലേഖയുടെ പേരുതന്നെ 'ഭഗത് സിങിനെ കൊന്നത് ഗാന്ധി ഗാന്ധി ഗാന്ധി' എന്നായിരുന്നെന്നോർക്കുന്നു.
ക്ഷുബ്ധയൗവനത്തിന്റെ ദശകമായ എഴുപതുകളും പിൻവാങ്ങിയതോടെ വീണ്ടും വീണ്ടുവിചാരങ്ങളുടെ ഇടവേള. ഈ ഇടവേളയിലായിരുന്നു ഗംഗാധരൻ മാഷുടെ ഗാന്ധിയൻപ്രഭാഷണം. പുതിയ ആകാശവും ചിറകുകളും മാത്രമല്ല പഴയ ഭൂമിയും വേരുകളും തേടുന്ന അക്കാലത്താണ് കെ. അരവിന്ദാക്ഷന്റെ 'ഗാന്ധിജിയുടെ ജീവിതവും ദർശനവും' എന്ന പുസ്തകം വരുന്നത്. സാമാന്യം ദീർഘമായ ഒരവതാരിക കൊണ്ട് ഞാനുമാ ഗാന്ധിയന്വേഷണത്തിൽ ചേരുകയായിരുന്നു. ഗാന്ധിസത്താൽ മാർക്‌സിസവും മാർക്‌സിസത്താൽ ഗാന്ധിസവും വിമർശിക്കപ്പെടുകയും ഗാന്ധിസം കൂടുതൽ രാഷ്ടീയവും മാർക്‌സിസം കൂടുതൽ സർഗാത്മകവുമാകുന്ന ഒരു ചിന്താപരിസരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിലായിരുന്നു അന്നത്തെ ഞങ്ങളുടെ ശ്രദ്ധ. ഈ സമയത്തായിരുന്നു തൊട്ടിയോടൊപ്പം കുട്ടിയേയും വലിച്ചെറിയുന്ന തരത്തിലുള്ള ഗംഗാധരൻ മാഷുടെ അന്വേഷണം. സ്വാഭാവികമായും ഒരിക്കൽക്കൂടി നിശിതമായ സംവാദത്തിലായി ഞങ്ങളിരുവരും. ഗാന്ധിജിയെ നിശിതമായി വിചാരണ ചെയ്യുന്ന ആ പ്രഭാഷണം പുസ്തകമായി എഴുതുന്നതിനിടയിൽ ചില അധ്യായങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇതിന്നിടെ അച്ചടിച്ചു വരുകയും ചെയ്തു. എന്നാൽ മാഷുടെ ഗാന്ധി പ0നങ്ങൾ പിന്നീട് രണ്ടു വാള്യങ്ങളായി പുറത്തു വന്നപ്പോൾ അത് മറ്റൊന്നായിരുന്നു. ഒട്ടും ഏകപക്ഷീയമല്ലാത്തത്. അതാണ് ഡോ. എം ഗംഗാധരൻ. ഇണക്കങ്ങളുടെ, പിണക്കങ്ങളുടെ, സംഭാഷണങ്ങളുടെ, സംവാദങ്ങളുടെ, സമവായങ്ങളുടെ ജനാധിപത്യ സ്വത്വരൂപം.
മലബാർ മാപ്പിള കലാപങ്ങളെക്കുറിച്ച്, ഊതിപ്പെരുപ്പിക്കപ്പെട്ട പോർത്തുഗീസ് യുഗത്തെപ്പറ്റി, വാണിജ്യകേരളം രൂപപ്പെട്ടതിനെക്കുറിച്ച്, കൊള്ളാവുന്ന മിക്കവരേയും പ്രവാസികളായി നാടുകടത്തുന്ന രാഷ്ട്രീയത്തെപ്പറ്റി, ലിബറലും തുറന്നതുമായ സ്ത്രീ-പുരുഷ ബന്ധങ്ങളെ പറ്റിയെല്ലാം മാഷുടെ അഭിപ്രായ രൂപീകരണങ്ങൾ നടന്നത് മിക്കവാറും ഇങ്ങനെയാണ്. അതുകൊണ്ട് പരിസ്ഥിതി, കർഷകാവകാശങ്ങൾ, ഫെമിനിസം, ന്യൂനപക്ഷ സ്വത്വം, കേരള ദേശീയത, ദലിത്-ആദിവാസി ഉയിർത്തെഴുന്നേല്പുകൾ... നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ രൂപീകരണങ്ങളുടെയെല്ലാം കൂടെ മാഷുണ്ടായിരുന്നു. ഒരു കാലത്ത് ആധുനിക മലയാള കവിതയുടെ തറവാടും തലസ്ഥാനവുമായി മാഷുടെ വീട്ടുവിലാസം അറിയപ്പെട്ടിരുന്നല്ലോ: മധു വനം, പരപ്പനങ്ങാടി.
