പ്രിയപ്പെട്ട ഹുവാൻ റുൽഫോ

Memoir

പ്രിയപ്പെട്ട ഹുവാൻ റുൽഫോ


ഫ്രാൻസ് കാഫ്കയെ ഞാൻ കണ്ടെത്തിയതുപോലെ ഹുവാൻ റുൾഫോയെ കണ്ടെത്തിയതും എന്റെ ഓർമ്മക്കുറിപ്പുകളിലെ പ്രധാനപ്പെട്ട ഒരദ്ധ്യായമായിരിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. 1961 ജൂൺ 2-ന് ഏണസ്റ്റ് ഹെമിങ്‌വേ കാഞ്ചി വലിച്ച്  മരണം വരിച്ച അതേ ദിവസമാണ്  ഞാൻ മെക്‌സിക്കോയിൽ വന്നെത്തിയത്. ഈ കാലത്തൊന്നും ഹുവാൻ റുൽഫോയുടെ പുസ്തകങ്ങൾ ഞാൻ വായിച്ചിരുന്നില്ല. അങ്ങനെയൊരാളെപ്പറ്റി ഞാനന്നു കേട്ടിട്ടുകൂടിയില്ല. ഈ പറഞ്ഞത്  നിങ്ങൾക്ക്  ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഞാനങ്ങനെ  പറയുന്നത്. ഒന്നാമത്, സാഹിത്യലോകവുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെട്ടുതന്നെയാണ് അക്കാലത്തൊക്കെയും ഞാൻ ജീവിച്ചത്. ലാറ്റിൻ അമേരിക്കൻ നോവലുകളുടെ കാര്യത്തിൽ പ്രത്യേക താത്പര്യവുമുണ്ടായിരുന്നു താനും. മെക്സിക്കോയിലേക്ക്  വന്നുചേർന്നപ്പോൾ ആദ്യമായി സമ്പർക്കം പുലർത്തിയത്  കോർഡോബ സ്ട്രീറ്റിലെ  ഡ്രാക്കുളക്കോട്ടയിൽ മാനുവൽ ബാർബച്ചാനോ പോൻസി(1)നൊപ്പം പ്രവർത്തിച്ച എഴുത്തുകാരോടും ഫെർണാണ്ടോ ബെനിറ്റസി(2) ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നോവേഡേഡസ് എന്ന സാഹിത്യമാസികയുടെ എഡിറ്റർമാരോടുമാണ് എന്നതാണ് രണ്ടാമത്തെ കാര്യം. അവർക്കെല്ലാം സ്വാഭാവികമായി ഹുവാൻ റുൽഫോയെ നന്നായി അറിയാമായിരുന്നു. എന്നിട്ടും ഒരു ആറുമാസത്തേക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് ആരുമൊന്നും എന്നോട് സംസാരിച്ചിട്ടില്ല.  വലിയ എഴുത്തുകാരുടെ കാര്യത്തിൽ പലപ്പോഴും സംഭവിക്കാറുള്ളതുപോലെ ഒരുപക്ഷേ, അധികം വായിക്കപ്പെട്ടെങ്കിലും വേണ്ടതുപോലെ  പരാമർശിക്കപ്പെടാതെ പോയ ഒരു എഴുത്തുകാരനാണ് ഹുവാൻ റുൽഫോയെന്ന് കരുതണം.


Related Articles