മഴയുടെ നാടാണ് നേര്യമംഗലം. പക്ഷേ, ഇത്തവണ മഴ കേരളത്തെയാകെ മഴയുടെ നാടാക്കി മാറി. ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും പ്രളയവും കേരളത്തെ പല തുരുത്തുകളാക്കി. ആരൊക്കെ എവിടെയൊക്കെ എന്ന് ചങ്കിടിച്ച നേരങ്ങൾ. ദുരിതത്തിന്റെ നിർത്താത്ത പെയ്ത്ത്. പെയ്‌തൊടുങ്ങിയപ്പോൾ പലരും ഇല്ലാതായി. വീടെന്നത് ഒരു ഓർമ്മയായി. മഴമാറി പുഴയിറങ്ങിയപ്പോൾ എന്റെ വീട് വിണ്ടുകീറി നശിക്കാൻ തുടങ്ങി. ദേശീയപാതയോരത്തെ വീട്ടിൽ നിന്നെവിടെപ്പോകുമെന്നറിയാതെ ഇപ്പോൾ ആധിയോടെ നിൽക്കുന്നു. വീടെന്നത് അഭയമാണെന്ന് കവി അയ്യപ്പൻ പറഞ്ഞതുപോലെ മഴ മാറിയപ്പോൾ അനാഥത്വമായി മാറി. വിണ്ടുകീറിയ വീട്ടിൽ എങ്ങനെ കഴിയും? അറിയില്ല. നിശ്ശബ്ദതയ്ക്കു മേൽ മുമ്പിലെ റോഡ് ഹുങ്കാരത്തോടെ പാഞ്ഞു പോകുന്നു.
ഇനിയെവിടെയെങ്കിലുണ്ടാവു(ക്കു)ന്ന വീട് പഴയ വീടിനെ ഓർക്കുമോ! എന്നാലും പുഴയും പാലവും കാടുമൊക്കെ അവിടെയുണ്ടാകുമോ? മഴ പെയ്യുമ്പോൾ നിറയുന്ന ഞങ്ങളുടെ കുഞ്ഞുവീടിന്റെ അത്രയും ആഹ്ലാദങ്ങൾ പെയ്യുമോ? അല്ലെങ്കിൽതന്നെ വേരുകൾ മുറിച്ചുകളഞ്ഞ് വേറൊരിടത്ത് നടുന്ന മരങ്ങൾ വീണ്ടും അതുപോലെ മുളച്ചുപൊന്തുമോ? അറിയില്ല. എന്നാലും മഴ പെയ്യുകയാണ്...ഇലകൾക്ക് മുകളിൽ നീർത്തുള്ളിയായിറ്റുവീണ് താഴേക്ക്... കുത്തിയൊലിച്ച് മരങ്ങളെയും, ചെടികളെയും ആളുകളെയും കൂട്ടി കുതിച്ചൊരു പോക്ക്...ലോകം മുഴുവൻ ഇങ്ങനെ പെയ്യുകയാണെന്ന് തോന്നും. രാത്രികളിൽ, തകര ഷീറ്റിലേക്ക് കനത്ത മഴത്തുള്ളികൾ പതിക്കുമ്പോൾ, ഇതാവും ലോകത്തിന്റെ ഹുങ്കാരമെന്നോർക്കും. ഭിത്തിക്കപ്പുറം പല നിറത്തിൽ പെയ്യുന്ന മഴയെക്കുറിച്ചോർത്ത് ഉറങ്ങിപ്പോകും. ഉറക്കത്തിലെ സ്വപ്നത്തിൽ വലിയ വെയിലായിരിക്കും. കുന്നിൻ ചെരിവുകളും മലമ്പള്ളകളും കരിഞ്ഞുണങ്ങി നിൽപ്പാണ്. നിലത്തിഴഞ്ഞ് ആകാശത്തേക്ക് നോക്കുന്ന വാടിയ വള്ളിച്ചെടികൾ മഴ...മഴയെന്ന് പ്രാർത്ഥിക്കുന്നു. പച്ചപ്പിന്റെ ഉള്ളുലഞ്ഞ 'ദുആ' ആവും മഴയായി വന്ന് ആർത്തലയ്ക്കുന്നത്. ഇതെഴുതുമ്പോൾ മലമുകളിൽനിന്ന് മഴ ഇരച്ചെത്തുന്നതു കേൾക്കാം. പെരിയാറിന് മുകളിലൂടെ, ഒച്ചവെച്ച്, ഒട്ടും അനുസരണയില്ലാത്ത കാറ്റിനൊപ്പം കൂട്ടുകൂടി മുറ്റത്തു നിൽക്കും. മുറ്റത്തെ പ്ലാവിലകൾ താഴേക്കു വീഴും...
പണ്ട് മൺവീടായിരുന്നു. ഈറ്റയിലകൊണ്ട് മേഞ്ഞ വീട്. മഴയത്ത് ഉറക്കമൊക്കെ കണക്കാണ്. കാറ്റിലും മഴയിലും 'അള്ളാഹു അക്ബർ, അള്ളാഹു അക്ബർ, ലാ ഇലാഹ ഇല്ലള്ളാഹ്...' തക്ബീറുകൾ ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരുന്നു. തൊട്ടടുത്തവീടുകളെ കാറ്റ് പറപ്പിച്ചു കൊണ്ടുപോകുമ്പോൾ ഞങ്ങളുടെ പുരയെ പിടിച്ചു നിർത്തിയത് ഈ ദിക്ക്‌റുകളായിരുന്നുവെന്നാണ് അന്നത്തെ വിശ്വാസം. മഴയുടെ നാടാണ് നേര്യമംഗലം. മഴ തുടങ്ങിയാൽ മഴ മാത്രമുള്ള നാട്. കട്ടൻ ചായ അടുപ്പിൽ വീണ്ടും വീണ്ടും ഇടം പിടിക്കും..
