പച്ചപ്പായലിന്റെ സ്‌നേഹമണം

Memoir

പച്ചപ്പായലിന്റെ സ്‌നേഹമണം


വർഷങ്ങളുടെ അകലത്തിൽ എവിടെയോ ഒരു കോളേജ് കാമ്പസ് കിടക്കുന്നുണ്ട്. സ്‌നേഹവും പ്രണയവും വെറുപ്പും ഗൃഹാതുരതയും ജലവഴികളിൽ പ്രവഹിച്ച പച്ചയുടെ ഒരു ഒറ്റ ദ്വീപ്. കടൽത്തിരകളിൽ വകഞ്ഞെടുത്ത്, കാടിനാൽ അതിരിട്ട്, കൊടുമുടികളിലേക്ക് ഞരമ്പുകൾ നീട്ടിയെറിഞ്ഞ ഒന്ന്. തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ, ക്ഷുഭിതരോ അസ്വസ്ഥരോ അല്ലാത്ത, ശാന്തരായ ഞങ്ങളിൽ ചിലർ അതിന്റെ വഴികളിലൂടെ സ്‌നേഹത്തിൽ നനഞ്ഞ് നടന്നുപോയി. ഞങ്ങളുടെ കയ്യിൽ മൊബൈൽ ഫോണുകളും ചുവടു വെപ്പുകളിൽ ആറ്റിറ്റിയൂഡുകളും ഉണ്ടായിരുന്നില്ല. മാറിമാറിയിടാൻ അനേകം വർണ്ണ വസ്ത്രങ്ങൾ ഉണ്ടായില്ല. പക്ഷെ കാലടികൾക്കടിയിൽ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പച്ചപ്പായലുകൾ കാട്ടുമണത്തോടെ തുടിച്ചു നിന്നു. ഞങ്ങളുടെ കണ്ണുകളിൽ നിന്ന് വൈകുന്നേരങ്ങളുടെ വെയിൽനൂലുകൾ രാവിലെകളിലേക്ക് പടർന്നു. ഞങ്ങൾ ഹിമവും ജലവും ആയി, ഉറഞ്ഞു കൂടുകയും ഉരുകിയൊലിക്കുകയും ചെയ്തു.ഞങ്ങൾ നിലക്കാത്ത പുഞ്ചിരികളായി.

തൊണ്ണൂറുകളിലെ ബ്രണ്ണൻ കോളേജ് ആ സമയത്തെ മറ്റേതു കോളേജ് കാമ്പസിന്റെയും നിറങ്ങളും മണങ്ങളും നെഞ്ചിൽ തളിർപ്പിച്ച ഒന്നായിരുന്നു.എന്റെ ജീവിതത്തിന്റെ അഞ്ചു നല്ല വർഷങ്ങളിൽ എന്നെ പാകപ്പെടുത്തിയെടുത്ത, എന്റെ അനേകം രണ്ടാംവീടുകളിൽ ഒന്ന്.പ്രീഡിഗ്രിയുടെ രണ്ടു വർഷങ്ങൾ ഏറെക്കുറെ അപകർഷതയുടെയും ഒറ്റപ്പെടലിന്റെയും ആയി കഴിഞ്ഞു പോയി. കൗമാരത്തിൽ തുടങ്ങിയ ആവശ്യമില്ലാത്ത ആത്മ നിന്ദകൾ ഒരുപക്ഷേ അതിന്റെ മൂർധന്യത്തിലെത്തിയത് പ്രീഡിഗ്രി കാലത്താണ്. ഒരുപക്ഷെ, അന്ന് എന്റെ പ്രായക്കാരായി ജീവിച്ചിരുന്ന എല്ലാ പെൺകുട്ടികൾക്കും പ്രീഡിഗ്രി കാലം നിറങ്ങളുടെ മാത്രമല്ല, ആത്മ നിന്ദകളുടെയും ദിവസങ്ങളായിരുന്നു. വർഷങ്ങളിലൊരിക്കൽ മാത്രം വാങ്ങുന്ന പുതിയ വസ്ത്രങ്ങൾ, ആഴ്ചയിൽ ഇടാൻ വെറും മൂന്നോ നാലോ ജോഡി, അതിലും നിറയുന്ന സംതൃപ്തി, എന്നാൽ അതിനെയും മറികടന്ന് ചിലപ്പോഴൊക്കെ തല നീട്ടുന്ന കൗമാരത്തിന്റെ ദുരാഗ്രഹങ്ങൾ, അതിന്റെ അപകർഷതകൾ.


Related Articles