നാലു ദശകങ്ങൾക്ക് മുമ്പുള്ള ഡിസി ബുക്സ്. ഗുഡ് ഷെപ്പേർഡ് സ്ട്രീറ്റിലെ ഒരു പഴയ കെട്ടിടത്തിലാണ് അന്ന് ഡി സി ബുക്സിൻ്റെ പ്രവർത്തനം. കറുത്ത അംബാസിഡർ കാറിൽ രാവിലെ ഓഫീസിൽ എത്തുന്ന ഡീസിസാറും ഞങ്ങൾ അമ്മാമ്മ എന്ന് വിളിക്കുന്ന പൊന്നമ്മ ഡീസിയും. ഓഫീസിലെയും പ്രസ്സിലെയും കമ്പോസിങ് റൂമിലെയും ജീവനക്കാരപ്പോൾ പ്രവർത്തനനിരതരായിട്ടുണ്ടാവും. അതൊരു പതിവുകാഴ്ച. രാവിലെ ഓഫീസിലെത്തുന്ന കാറിൽ ഡീസി സാറിനൊപ്പം അമ്മാമ്മ ഇല്ലെങ്കിൽ ഒന്നുറപ്പിക്കാം; സമയനിഷ്ഠ പുലർത്തുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഡീസി സാർ പുറപ്പെടുന്ന സമയത്ത് അമ്മാമ്മ യാത്രയ്ക്ക് തയ്യാറായിട്ടുണ്ടാവില്ല.
ചടുലമായ ഇടപെടലിലൂടെയും സ്നേഹപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെയും പൊന്നമ്മ ഡീസി ജീവനക്കാരുടെ സ്വന്തം അമ്മാമ്മയായി. ഡി സി ബുക്സിൻ്റെ വളർച്ചയിൽ ഡീസി സാറിനൊപ്പം നിന്ന് പ്രവർത്തിക്കാൻ അമ്മാമ്മയ്ക്ക് കഴിഞ്ഞു. ക്ലേശകരമായ ഒരുപാട് ജീവിതാനുഭവങ്ങൾ ഡീസീ സാറിൻ്റെ ജീവിതത്തിലുണ്ടായപ്പോഴെല്ലാം പ്രചോദനാത്മകമായ കൈത്താങ്ങായി അദ്ദേഹത്തോടൊപ്പം പൊന്നമ്മ ഡീസി നിലകൊണ്ടു.
