അമ്മവീട്‌

Memoir

അമ്മവീട്‌


സ്ഥലവും കാലവും തമ്മിലുള്ളഅസാധാരണവും വൈരുധ്യാത്മകവുമായ ബന്ധത്തിൽനിന്നാവാം സ്മരണകൾ ഉത്ഭവിക്കുന്നതും പ്രസക്തി നേടുന്നതും. കാലമെന്നും കടന്നു പോകുകയും അത് 'അരങ്ങേറുന്ന' സ്ഥലങ്ങൾ ഏറെക്കുറെ രൂപത്തിലെങ്കിലും മാറാതെ അവശേഷിക്കുകയും ചെയ്യും. ജീവിതസ്മരണകൾ സ്ഥലകാലങ്ങളുടെ സന്ധിയിൽ ജന്മംകൊള്ളുന്നതിനാൽ അവയിൽ മാത്രമേ സ്ഥലത്തിന്റെ സ്ഥായിഭാവത്തിൽ ഒളിഞ്ഞു കിടക്കുന്ന കഴിഞ്ഞ കാലത്തിന്റെ സാന്നിധ്യം വീണ്ടെടുക്കാനാവൂ.

ഇവിടെ ഞാൻ വിവരിക്കാനാഗ്രഹിക്കുന്ന സ്ഥലം എന്റെ അമ്മവീടാണ് - നിറഞ്ഞുനിന്ന ഭൂതകാലത്തുനിന്നും ഒഴിഞ്ഞും അടഞ്ഞുംകിടക്കുന്ന വർത്തമാനത്തിലേയ്ക്കുള്ള അതിന്റെ സംക്രമം.

അമ്മയെ നേരിൽ കാണുകയും കേൾക്കുകയും ചെയ്ത ഓർമ്മകൾ എനിക്കില്ല. 1969 ജൂണിൽ എന്റെ അമ്മ മിസ് കുമാരി (ത്രേസിയാമ്മ തളിയത്ത് ; ജന്മനാമം: ത്രേസിയാമ്മ കൊല്ലംപറമ്പിൽ) മരിക്കുമ്പോൾ ഏറ്റവും ഇളയ കുട്ടിയായ എനിക്ക് മൂന്നു വയസ്സു തികഞ്ഞിട്ടില്ല; എന്റെ മൂത്ത സഹോദരങ്ങൾ തോമസ്, ജോണി ഇവർക്ക് നാലും അഞ്ചും വയസ്സും. ചില സന്ദർഭങ്ങൾ മങ്ങിയ നിഴലുകൾ പോലെ ഓർമ്മയിൽ അവശേഷിക്കുന്നതൊഴിച്ചാൽ വ്യക്തമായ സ്മരണകൾ തുടങ്ങുന്നത് എഴുപതുകളുടെ ആദ്യം അമ്മവീടായ ഭരണങ്ങാനത്തെ കൊല്ലംപറമ്പിൽ തറവാട്ടിൽ വളരുമ്പോഴാണ്. സ്മരണകളുടെ ഈ തുടക്കവും അവസാനവും അമ്മയെക്കുറിച്ച് എഴുതുന്നതിന്റെ പരിമിതികളാവുന്നെങ്കിലും ഓർമ്മവെച്ച നാൾ തൊട്ട് അമ്മവീട്ടിൽ വളരാനുള്ള ഭാഗ്യമുണ്ടായതിനാൽ അമ്മയെ അടുത്തറിഞ്ഞവരുടെ സ്മരണകളിലൂടെ അമ്മയുടെ വ്യക്തിത്വം, ബാല്യംതൊട്ടുള്ള ജീവിതം, വിദ്യാഭ്യാസം, ഏറ്റവും പ്രധാനമായിനാല്പതുകളുടെ അവസാനം തുടങ്ങി അറുപതുകൾ വരെയുള്ള സിനിമാജീവിതം എന്നിവ നേരിട്ടറിയാൻ കഴിഞ്ഞു.


Related Articles