ആയിരം മുഖങ്ങൾ

Memoir

ആയിരം മുഖങ്ങൾ


എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ് ഞാൻ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' വായിക്കുന്നത്. കോട്ടേമ്പ്രത്തെ 'സഖാവ്ബാലൻ സ്മാരകവായനശാല'യിൽനിന്നെടുത്ത പലവുരു വായിച്ച് പഴകിയ ഒരു കോപ്പിയായിരുന്നു അത്. ജീവിതത്തെ ഒറ്റയ്‌ക്കൊരാളായി നോക്കിക്കാണാൻ തുടങ്ങുന്ന പ്രായത്തിൽ, സമാനഹൃദയർക്കെന്നപോലെ; നാലുകെട്ടിലെ അപ്പുണ്ണിയിൽനിന്നും ഖസാക്കിലെ രവിയിൽനിന്നും ഞാനെന്നെ മയ്യഴിയിലെ ദാസനായി താദാത്മ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മടപ്പള്ളി ഗവ. കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുഹൃത്ത് സുജീഷുമൊത്ത് ആദ്യമായി മയ്യഴി കാണുന്നത്. ഉപ്പുകാറ്റിന്റെ മണമുള്ള, അലസവും വിഷാദാത്മകവുമായ ആ വൈകുന്നേരം ഓർമ്മയിലുണ്ട്. പൂഴിത്തലയ്ക്കും പുന്നോലിനുമിടയിൽ കേരളമല്ലാത്ത ഒരു ദേശം ആയിരുന്നു അത്. അതിന്റെ വൈദേശികമണം അവിടങ്ങളിലൊക്കെ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. നിരത്തുകളുടെ പേരുകൾ മുതൽ പോലീസ്‌വേഷത്തിൽ വരെയും ഉണ്ടായിരുന്ന വ്യത്യാസം ആ പ്രദേശത്തെത്തന്നെ ഒരു ഫിക്ഷനായി നിലനിർത്തുന്നു എന്നു തോന്നി.

മാഹിയിൽ ബന്ധുവീടുള്ളവർ കുട്ടികളെ അവിടത്തെ സ്‌കൂളിൽ ചേർക്കുമായിരുന്നു. കാരണം ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ടയും ഇറച്ചിയുമടക്കം മാഹി സ്‌കൂളിൽ നല്ല ശാപ്പാടുണ്ടായിരുന്നു എന്നാണറിവ്. പഞ്ഞമാസങ്ങളിൽ നാട്ടിൽനിന്നുംആളുകൾ മാഹിവരെ പോയി അരി വാങ്ങിക്കുമായിരുന്നു, വിലക്കുറവിൽ അരിയും വീട്ടുസാധനങ്ങളും എത്തുന്ന ആ സ്ഥലം കാണണമെന്നും അവിടെ പഠിക്കണമെന്നും ആഗ്രഹിച്ചിരുന്നു. അതു നടന്നില്ല. എടച്ചേരി-ഓർക്കാട്ടേരി-കൈനാട്ടി വഴി മടപ്പള്ളിയിലേക്ക് എത്താമായിരുന്നിട്ടും പല ദിവസങ്ങളിലും ഞാൻ ഇരിങ്ങണ്ണൂർ-മേക്കുന്ന്-മാഹി വഴി മടപ്പള്ളിയിലേക്കും തിരിച്ചും പോന്നു. തൊണ്ണൂറുകളിലെ ഏതൊക്കെയോ യുഗ്മഗാനങ്ങൾക്കൊപ്പം, ലഹരിക്കാറ്റായും ചാറ്റൽമഴയായും മയ്യഴി തിരക്കില്ലാത്ത ആ ബസ്സുകളിലേക്ക് അരിച്ചെത്തി. മയ്യഴിയെ വായിച്ചവർക്കൊക്കെയും അത് തീർത്ഥാടനകേന്ദ്രമായിരുന്നല്ലോ, തസ്രാക്കിലേക്കുള്ള അസ്തിത്വ ദുഃഖികളുടെ പ്രയാണമെന്നപോലെ. ആത്മാക്കൾ തുമ്പികളായി പറന്നുനടക്കുന്ന വെള്ളിയാങ്കല്ലിന്റെ ഉപമ വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ച് അന്നേ പഴകിയിരുന്നു ഞങ്ങളുടെ കോളജ് മാഗസിനുകൾ. അതിനാൽ തുമ്പിയെ മറന്നുകൊണ്ട് ഞാൻ മയ്യഴിയുടെ വളവുതിരിവുകളെ സ്‌നേഹിച്ചു. ആയകാലത്തെ കുറുമ്പിയമ്മ നാട്ടിലെ കല്യാണിയമ്മയും പിന്നീട് പിറുക്കാച്ചിയമ്മയുമായും ഛായ പങ്കിട്ടു. കേളുവച്ഛൻ ഗോവിന്ദേട്ടൻ. സായ്‌വിനൊഴികെ മയ്യഴിയിലെ എല്ലാ മനുഷ്യർക്കും ബന്ധുക്കൾ കോട്ടേമ്പ്രത്തും ഉണ്ടായിരുന്നു. അഥവാ നോവലിലെ ഭാവനാഭൂപടങ്ങളെ അവിശ്വസിക്കുവാനും, അതൊരു സത്യകഥയായി മനസ്സിലാക്കാനും ഇഷ്ടപ്പെട്ട വായനക്കാരിലൊരാളായിരുന്നു ഞാനും.


Related Articles