സവാരി

Poetry

സവാരി



കുതിക്കുവാനെനിക്കൊരു
തുഴ തരാറുണ്ടവൻ
വഴി തെറ്റി വരാറുള്ള
നിലാവിന്റെ പുഴയിൽ

നിലതെറ്റി വീഴാ-
തിരുളിന്റെ ചിമിഴിലെ
ചെറുവെളിച്ചങ്ങളെ
മിഴിനട്ടുണർത്തി

നിലതെറ്റി വീണൊരാ-
ചുരുൾമുടിച്ചിറകിനാൽ
ചെറുകിളികളെയൊക്കെയും
കാറ്റിൽപ്പറത്തി

ദ്രുതകാകളിക്കും
തരംഗിണിക്കും; മൃദു-
മൃദുലമായൊരു
താളം പകർത്തി

ഉതിരുന്ന മണികളി-
ലുറയുമുണർവ്വിന്റെ
ലവണ ഗന്ധങ്ങളെ
ഉയിരോടിണക്കി

പാലാഴി മധ്യേയൊരു
പാട്ടിന്റെ കൂട്ടിലായ്
പാതിരാവങ്ങനെ
പെയ്തു തോരുമ്പോൾ

ഉടലാകെയഴിഞ്ഞ്
ഇടവമഴ പോലൊരു
പെണ്ണിൻ കരയിൽ
തനിച്ചു കിടക്കാറുണ്ടവൻ
ഇഹലോകവാസങ്ങ-
ളുപേക്ഷിച്ച മാതിരി!!

Ammu Deepa’s poem Savari (ride) evokes a vivid, sensuous interplay of nature, music, and intimate presence, capturing moments of delicate beauty and transcendence.


Related Articles