വാഴ മുറുക്കില്ലെങ്കിലും
വാഴയുടെ മടിയിൽ
വെറ്റിലയുണ്ടാവും
വാഴപ്പോള തുറന്ന്
വാട്ടമേറ്റം കൂടിയതൊന്ന്
എടുത്തുമുറുക്കുന്നു
ചായ്പിൽ ഞാലുന്ന
പാളേംകോടനിൽ
പാകത്തിന് പഴുത്തവ
ഏറെയുണ്ടെങ്കിലും
പഴുപ്പേറിയതോ
വാവല് ചപ്പിയതോ
ഒരെണ്ണമുരിയുന്നു
ചോറുവെച്ച് വാർത്തിട്ടിട്ട്
പഴഞ്ചോറിൽ ആവികേറ്റുന്നു
പുതിയ പ്ലെയിറ്റെടുക്കാതെ
പഴയ പിഞ്ഞാണത്തിൽ
കോരിയിട്ടു കഴിക്കുന്നു
ഹാങ്ങറിൽ തൂങ്ങുന്ന
പുത്തനുടുപ്പുകളോരോന്നും
തൊട്ടും പിടിച്ചും നോക്കിയിട്ട്
പഴയതൊരെണ്ണമെടുക്കുന്നു
മൂക്കോട് ചേർത്തു
മണം പിടിയ്ക്കുന്നു
നിറം മങ്ങിയോന്ന്
വെട്ടത്ത് നോക്കുന്നു
പറിഞ്ഞുപോയ ബട്ടൻസ്
വെച്ചുപിടിപ്പിയ്ക്കുന്നു
ചുമ്മാതിട്ടുനോക്കുന്നു
പുതിയ ചെരിപ്പുകൾ
പൊടിതട്ടി മിനുക്കിവെച്ചിട്ട്
പഴയതൊന്നിലേക്ക്
കാലുകൾ തിരുകുന്നു
പുതിയവയൊക്കെ റാക്കിലടുക്കി വെച്ചിട്ട്
പഴയ ഡയറികളിലെ
എഴുതാപ്പുറങ്ങളെല്ലാം ചേർത്തൊരു ബുക്ക്
കുത്തിക്കെട്ടുന്നു
കുറിപ്പുകളെഴുതുന്നു
പുതപ്പുകളെല്ലാം മടക്കി
അലമാരയിൽ വെച്ചിട്ട്
തുണി പറിച്ചു പുതച്ച്
ചുരുണ്ടുകൂടുന്നു
പാതിയിലേറെയും
ഒഴിഞ്ഞ കിടക്കയിൽ
തനിച്ചു കിടക്കുന്നു
ബൾബുകളെല്ലാം
കെടുത്തിയിട്ട്
കത്തിച്ചുവെച്ച
റാന്തലുവിളക്കിന്റെ
തിരിതാഴ്ത്തുന്നു
തുറന്നുവെച്ചാലും കൂരിരുട്ടാകയാൽ
കണ്ണുകളെന്തിന്
തുറന്നുവെക്കണം.
Poem explores the speaker’s deep, almost romantic affinity for old, worn, and familiar things over the allure of the new. Through a series of vivid metaphors—choosing a slightly rotten banana over fresh ones, eating yesterday's leftovers instead of a freshly cooked meal, wearing old shoes while polishing the new—the speaker reveals a quiet rebellion against consumerism and disposability. The old becomes sacred, holding memories, comfort, and a sense of authenticity. Whether writing in an old notebook, sleeping without the saved quilt, or lighting a lamp in place of electric lights, each choice is deliberate, echoing a tender attachment to timeworn objects and the stories they carry. The poem is a meditation on nostalgia, simplicity, and the soul’s preference for the familiar over the pristine.
