അകലത്തൊരു കടലിന്നൊടുവിൽ
പകലിൻ പുതുയവനിക വീണു
കുന്നിക്കുരു കലപോലിത്തിരി
കരി പൂശിയുമിനിയൊരു രാത്രി
വിണ്ണിൽച്ചെറുതാരമടർന്നൂ
വിധുവിൻ പൂത്താലിയഴിഞ്ഞൂ
മോദപ്പൂഞ്ചിറകു കൊഴിഞ്ഞൂ
രാപ്പാടികൾ കേണു പറന്നൂ
തെക്കിൻ ശവമേട്ടിന്നരികേ
മൃതിഗന്ധികൾ പൂത്തു വിടർന്നൂ
ബലിരുധിരം വീണു പിടഞ്ഞൂ
ഒരു തടിനി കലങ്ങി മറിഞ്ഞൂ
ചുരുളഴിയും പുതിയൊരു കഥയായ്
മിഴിയിണയിൽ പഴയൊരു സ്വപ്നം
പലമാതിരി കനവുകൾ നെയ്തൂ
പതിയെ പുതുകവിതകൾ പെയ്തൂ
പെരുവഴികൾ പാഞ്ഞു പടർന്നൂ
പെരുമഴകൾ തോർന്നു പുലർന്നൂ
ചിറകെട്ടിയ കരളിൽ കടലിൽ
തിറയാട്ടക്കോലമമർന്നൂ
കലപിലകൾ കാട്ടിനടന്നൂ
കാട്ടാനക്കൂട്ടമിടഞ്ഞൂ
ഇണയറിയാതിരുമെയ്യറിയാ
തിന കൊയ്യണ കാടുകരിഞ്ഞൂ
പുഴവറ്റണ നെടിയ വിശപ്പിൽ
പെരുവഴിയിൽ മീനു പിടഞ്ഞൂ
ചെറുചതുരക്കൂടു പൊളിഞ്ഞൂ
ഒരു തുരഗം പാഞ്ഞു നടന്നൂ
ചുരമാന്തരണ കൊടിയ ദിനത്തിൻ
ചതിയറിയാതവളുമിരുന്നൂ...
Ammu Deepa’s “Pekkinav” (Nightmare) is a hauntingly lyrical poem that portrays nature’s decay and human desolation through dreamlike imagery of loss, longing, and transformation.
