ഉടൽ സംക്രാന്തികൾ

Poetry

ഉടൽ സംക്രാന്തികൾ


'സ്ത്രീയേ നീയും ഞാനും തമ്മിലെന്ത്?'
എന്ന ചോദ്യത്തിന്റെ
കീഴക്കാന്തൂക്കിലൂടെ
മുടന്തുമ്പോഴാണ്
എന്തിനെന്നില്ലാതെ
ഒരു പെൺകുട്ടിയെ പ്രസവിച്ചാലോ
എന്ന ചിന്ത മുളച്ചത്
അതിനെ തലങ്ങും
വിലങ്ങും താലോലിച്ചിരിക്കുമ്പോൾ
ഒരു പെണ്ണാകണ്ടേ?
അതിനു പുല്ലിംഗമൊരു
യോനിയാകണ്ടേ?
അതിന്റെ സംഭ്രാന്തികൾ
എങ്ങനെയിരിക്കും?
പിന്നെ ഗർഭം ചുമക്കണ്ടേ?
രതിയുടെ അടിക്കാട്ടിൽ
തളിർത്തും പൂത്തും
തുളുമ്പണ്ടേ?
എന്നിങ്ങനെയുള്ള
കയങ്ങളിലും
ചുഴികളിലും പെട്ടത്
പരിണാമത്തിന്റെയൊരു
കണ്ണിയായ്
പ്രപഞ്ചത്തെ നേർക്കുനേർ
നോക്കുമ്പോൾ
ചന്ദ്രന്റെ പത്തു
വൃദ്ധിക്ഷയങ്ങളിൽ നിന്നു
ജീവിതത്തിന്റെ ജാലങ്ങൾ
മെയ്യേറ്റു വാങ്ങുമ്പോൾ
പുനർജ്ജനിച്ചു,
ചുരക്കും മുലയവൾടെ
കിളുന്നു വായിൽ ചെലുത്തിക്കിടന്നു
പിന്നെ
അവൾ വളർന്നു വരുന്നതും
എന്റെ ആൺമയിലേക്ക്
ഞാൻ തിരികെയെത്തുന്നതും
എന്നിട്ടവൾക്കൊപ്പം സന്ധ്യയിൽ
കടൽക്കരയിൽ
നടക്കുന്നതും വരെ ചിന്തിച്ചു
പെട്ടെന്നു
പൊക്കിളിൽ കിനിഞ്ഞ്
ചോരമണം പൊന്തിയതായി
തോന്നുകയും ചെയ്തു.

"Udal Sankranthikal" is a Malayalam poem written by D Yesudas.


Related Articles