മരണപുസ്തകം വായിച്ചുകൊണ്ടൊരാൾ
പഴയകാലത്തിലേക്കുള്ള വണ്ടിയിൽ
തിരികെയില്ലെന്നു ചൊല്ലിപ്പിരിഞ്ഞുപോയ്.
ഇടറിടും വക്കിടിഞ്ഞുപോം കൊക്കയിൽ
വഴുതിവീണവർ പിന്നിൽ നടക്കയായ്
നിഴലുകൾ നിലംവിട്ട പാദങ്ങളിൽ.
ജലമൊരിറ്റെങ്കിലും സഖേ! കൈയിൽ നീ
കരുതിടുന്നുവോ? ഞങ്ങൾക്കു നല്കുവാൻ?
പുറകിൽ വക്കിടിഞ്ഞില്ലാതെയാം സ്വരം.
മരണപുസ്തകം മാത്രം കരങ്ങളിൽ
മുറുകെയുണ്ടെന്നു ചൊല്ലാതെ ചൊല്ലിയാ-
സമയസഞ്ചാരി പോയി, ദാഹത്തിന്റെ
കടലുതേട്ടുന്ന കാലപ്പകർച്ചയിൽ,
വിജനമായ പച്ചയ്ക്കുമേൽ, വേഴാമ്പൽ
മലമുഴക്കിപ്പറന്നു തൻ കൂടുള്ള
കവര തേടുന്നപോലെ;
ഒരിക്കലും തിരികെയില്ലാതെ;
മാഞ്ഞുപോയ് കൊക്കയിൽ
നിഴലുകൾ.
ദാഹം.
ഓർമ്മതന്നോർമ്മകൾ
'Churam' by Vijayalakshmi is a haunting meditation on memory, loss, and the irreversible passage of time, where shadows, thirst, and fleeting moments intertwine to evoke the inevitability of death and the fragility of existence.
