മഴ അതിന്റെ എല്ലാ ശക്തിയുമെടുത്ത് കുത്തിയൊഴുകി പെയ്യുന്ന ജൂലൈ മാസം ഓർമ്മ വരുന്നു. ഡിഗ്രിക്കു പഠിക്കുന്ന കാലം. അഡ്മിഷന് ടി.സി.യും സ്വഭാവസർട്ടിഫിക്കറ്റുമൊന്നുമെടുക്കാതെ വന്ന ഒരു പെൺകുട്ടിയെ സഹായിക്കാനുള്ള നേരം വന്നുചേർന്നു. ഓഫീസിൽ കയറി വെള്ളപ്പേപ്പർ വാങ്ങി സത്യവാങ്മൂലം എഴുതി കൊടുക്കുന്നു. അവൾക്ക് അഡ്മിഷൻ കിട്ടുന്നു. ക്ലാസ് തുടങ്ങി. മിക്ക ദിവസങ്ങളിലും ഞങ്ങളുടെ കണ്ണുകൾ ഇടയുന്നു. ആദ്യം കണ്ണുകൾ സംസാരിച്ചു. പിന്നെ പിന്നെ വാക്കുകൾ പുറത്തുവന്നു. കാണാതെ, കേൾക്കാതെ, മിണ്ടാതെ പറ്റാത്ത അവസ്ഥയായി. അവളൊരു ഭക്തയായിരുന്നു. എല്ലാ ദിവസവും അമ്പലത്തിൽ പോയി നിറയെ പൂക്കളും പായസവുമൊക്കെയായി വരുന്ന ഒരാൾ, മാസങ്ങളോളം വ്രതമനുഷ്ഠിക്കുന്നവൾ. അവൾ എനിക്കുവേണ്ടി പ്രാർത്ഥിച്ചു. എനിക്കുവേണ്ടി പാട്ടുപാടി. പ്രാർത്ഥനയായിരുന്നു അവളുടെ ജീവിതം. ലോകത്തിന്റെ കാപട്യങ്ങളൊന്നും ബാധിക്കാത്ത, രാഷ്ട്രീയമോ സമകാലികമോ ആയ പ്രശ്നങ്ങളൊന്നും ചേർത്തുവെക്കാത്ത ജീവിതം. കൂട്ടുകാർ എന്നെ കളിയാക്കിക്കൊണ്ടുപറയും: "എടാ അവൾക്കിപ്പോഴും പ്രധാനമന്ത്രി നെഹ്റുവാണ്.'' അവളെന്നോട് ചരിത്രം സംസാരിച്ചില്ല, ദർശനം സംസാരിച്ചില്ല, രാഷ്ട്രീയം സംസാരിച്ചില്ല. പക്ഷേ, സ്നേഹത്തെക്കുറിച്ച് വാതോരാതെ മിണ്ടി. അവളുടെ ശിവനായിരുന്നു ഞാൻ. സ്നേഹം കൂടുമ്പോൾ ധ്യാനിക്കുന്നവൻ, ദേഷ്യം വരുമ്പോൾ താണ്ഡവമാടുന്നവൻ. അവൾ അതെല്ലാം കണ്ടുനിന്നു. ചിലപ്പോൾ ചിരിച്ചു. മറ്റുചിലപ്പോൾ കരഞ്ഞു. ദേവിയെപ്പോലെ സുന്ദരരൂപിണിയായി നോക്കിനിൽക്കുമ്പോഴൊക്കെ അവൾക്ക് കവിതകൾ പാടിക്കൊടുത്തു. രാപകലില്ലാതെ കവിതകളെഴുതി.
